മൂടല്‍മഞ്ഞ്: 4 വിമാനങ്ങള്‍ തിരിച്ചുവിട്ടു, ട്രെയിനുകളും വൈകിയോടുന്നു

dense fog in delhi

കനത്തമഞ്ഞ് റണ്‍വേയിലെ കാഴ്ച മറച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുവിമാനങ്ങള്‍ തിരിച്ചുവിട്ടു. മോശം കാലാവസ്ഥ ട്രെയിന്‍ ഗാതഗതത്തേയും ബാധിച്ചു. 24 ട്രെയിനുകളാണ് വൈകിയോടുന്നത്. കാതിഹര്‍- അമൃത്സര്‍ എക്‌സ്പ്രസ് നാലുമണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

ഡിസംബര്‍ 31 മുതല്‍ തലസ്ഥാന നഗരമായ ഡല്‍ഹി, നോയ്ഡ, ഗുര്‍ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. മഴ പെയ്താല്‍ തണുപ്പിൻറെ കാഠിന്യമേറുമെന്നും അറിയിപ്പുകളുണ്ട്. ഇത്തവണ ഡിസംബര്‍ 31 ന് താപനില 19.15 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

നൂറുവര്‍ഷത്തിനിടെ ഡല്‍ഹിയിലെ പകല്‍ത്തണുപ്പ് ഇത്രയേറെ കൂടുന്നത് രണ്ടാം തവണയാണ്. 1919-ലെ ഡിസംബറിലാണ് ഇതിനുമുമ്പ് ഇതുപോലെ തണുപ്പുകൂടിയത്. 14 ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ്.

ദില്ലിയില്‍ താപനില 2.4 ഡിഗ്രി സെല്‍ഷ്യസായി. മൂന്ന് ദിവസം മുമ്പ് ഇവിടെ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. വരുന്ന മൂന്ന് ദിവസങ്ങളില്‍ കൂടി ശീതക്കാറ്റും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ ആറ് ഡിഗ്രി സെല്‍ഷ്യസിന്‍റെ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്.

Content highlight; Delhi winter; 4 flights are diverted and 24 trains delayed