പൗരത്വ നിയമ ഭേദഗതിക്കെതിരെ യോഗം ചേരാൻ സർക്കാരിന് അധികാരമില്ല; യോഗം ബഹിഷ്‌കരിച്ച്‌ ബിജെപി

bjp boycotted all party meeting

പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച്‌ ബിജെപി. സര്‍വകക്ഷി യോഗത്തില്‍നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ബി.ജെ.പി വക്താക്കളായ എം.എസ് കുമാറും, പദ്മകുമാറുമാണ് പ്രതിഷേധിച്ചു ഇറങ്ങി പോയത്. ഇത്തരത്തിലൊരു യോഗം വിളിച്ചു കൂട്ടാൻ കേരള ഗവണ്മെന്റിനു അധികാരമില്ലെന്നും, ഭരണഘടന വിരുദ്ധമാണെന്നും ബി.ജെ.പി വക്താക്കൾ വ്യക്തമാക്കി.

ഗവർണർക്കെതിരെ നടന്ന ആക്രമണത്തിൽ പ്രമേയം പാസാക്കി പിരിയണം എന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും തയ്യാറായില്ല. അതിൽ പ്രതിഷേധിച്ചാണ്‌ ബി.ജെ.പി വക്താക്കൾ ഇറങ്ങി പോയത്. പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം ആണെന്നും, പൊതുഖജനാവിൽ നിന്നും പണമെടുത്ത് നിയമത്തിനെതിരെ സമരം ചെയ്യാൻ സർക്കാരിന് അധികാരമില്ലെന്നും എം.എസ് കുമാർ വ്യക്തമാക്കി.

അതിനിടെ, യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഗോ ബാക്ക് വിളികളുയരുകയും ചെയ്തു. ബിജെപി നേതാക്കള്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെയാണ് യോഗത്തത്തിനെത്തിയ ചില സംഘടനകളുടെ പ്രതിനിധികള്‍ ഗോ ബാക്ക് വിളിച്ചത്. ഇതിനെതിരെ വാക്കേറ്റമുണ്ടാകുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയത്തിലാണ് മുഖ്യമന്ത്രി ഞായറാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്.

Content Highlight: bjp boycotted the all-party meeting in caa