പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബിജെപി

bjp appointed leaders to fight for caa protests

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബിജെപി. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ മൂന്നാഴ്ച പിന്നിട്ടിട്ടും അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് നേതാക്കളെ ചുമതലപ്പെടുത്തിയത്.

പൗരത്വനിയമ ഭേദഗതിക്കെതിരെ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ നടന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അനില്‍ ജെയിനെ ചുമതലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പ്രക്ഷോഭങ്ങളെ ചെറുക്കാനായാൽ പാതി വിജയിച്ചെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ അവിനാശ് റായിക്കും, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സരോജ് പാണ്ഡെയുമാണ് സമര പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍, ലക്ഷദ്വീപ്, ദാമന്‍ ദിയു തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രവീന്ദ്ര രാജുവിനാണ് ചുമതല നൽകിയിരിക്കുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളായ ഒഡിഷ, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സിന്‍ഹയെയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസം മന്ത്രി ബിസ്വ ശര്‍മയെയും ചുമതലപ്പെടുത്തി.

Content Highlight: bjp has appointed the leaders to fight against the protests of caa