മനോജ് തിവാരിയുടെ നൃത്ത രംഗം പ്രചാരണത്തിനായി ഉപയോഗിച്ചു; ആം ആദ്മി പാര്‍ട്ടിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി

manoj tiwari

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചു എന്നാരോപിച്ചാണ് ബിജെപി ഇലക്ഷന്‍ കമ്മിഷന് മുമ്പകെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പാര്‍ട്ടിയുടെ തീം സോംഗായ ‘ ലഗേ രഹോ കെജ്രിവാള്‍ ‘ എന്ന ഗാനം ജനുവരി 11 നാണ് ആം ആദ്മി ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചത്. ഈ ഗാനം വളരെ നല്ലതാണെന്നും മനോജ് തിവാരി പോലും പാട്ടില്‍ നൃത്തം ചെയ്യുന്നുണ്ടെന്നുമുള്ള അടിക്കുറുപ്പും പാട്ടിന് മുകളിലായി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് മാനനഷ്ടത്തിനായി ബിജെപി നോട്ടീസ് അയച്ചത്.

തന്റെ വീഡിയോ ഉപയോഗിക്കാന്‍ ആരാണ് ആം ആദ്മി പാര്‍ട്ടിക്ക് അനുവാദം കൊടുത്തതെന്ന് ആരോപിക്കുകയും ഇതുസംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയതായും തിവാരി അറിയിച്ചു. ആളുകള്‍ക്കിടയില്‍ ആം ആദ്മിയ്ക്കുള്ള സ്വാധീനം നാള്‍ക്കു നാള്‍ നഷ്ടപ്പെട്ടു വരികയാണെന്നും ഇതില്‍ അസ്വസ്ഥരായത് കൊണ്ടാണ് പ്രചാരണങ്ങള്‍ക്കായി സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ട് പരസ്യങ്ങള്‍ ചെയ്യുന്നതെന്നും ഇത്തരം പ്രവര്‍ത്തികളില്‍ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Delhi BJP seeks 500 crores in damages from AAP for tweeting Tiwari’s dance video