കനത്ത മ‌ഞ്ഞ് വീഴ്ചയില്‍ കാശ്മീർ; മരണ സംഖ്യയേറുന്നു

heavy snowfall in Kashmir

കനത്ത മ‌ഞ്ഞ് വീഴ്ചയില്‍ ജമ്മു-ശ്രീനഗർ ദേശീയപാത ഉൾപ്പെടെ കശ്മീരിലെ നിരവധി റോഡുകൾ തടഞ്ഞു. വിമാനങ്ങൾ റദ്ദാക്കി. കശ്മീർ താഴ്‌വരയിൽ രാത്രിയിൽ പൂജ്യം താപനിലയാണ് രേഖപ്പെടുത്തിയത്. ജമ്മു-ശ്രീനഗർ ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ജമ്മുവിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ദിഗ്ഡോളിൽ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. 3,000 ദേശീയ ട്രക്കുകളും 84 ലൈറ്റ് മോട്ടോർ വാഹനങ്ങളും ദേശീയപാതയിൽ കുടുങ്ങിയതായി അധികൃതര്‍ പറഞ്ഞു.

ജമ്മുകശ്മീരില്‍ കനത്ത ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഇതിനകം മരണപ്പെട്ടു. കുപ്‍വാരയില്‍ മച്ചില്‍ സെക്ടറില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്. അതേസമയം മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ രണ്ട് സൈനികര്‍ക്കായി തിരച്ചില്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. രാസ്പൂരില്‍ ഒന്നില്‍ അധികം തവണ മഞ്ഞിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിലായി ജമ്മുകശ്‍മീരിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ശൈത്യമാണ് ജമ്മു കശ്മീര്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. മേഖലയിലെ ഗതാഗത സംവിധാനത്തെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിട്ടുണ്ട്.

Content Highlights: heavy snowfall in Kashmir