‘സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ നിയമം’; കേന്ദ്രമന്ത്രി

Pratap sarangi

സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ വിഭജിച്ചവരുടെ പാപങ്ങളെ കഴുകി കളയുകയാണ് പ്രധാനമന്ത്രി ചെയ്‌തതെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നും ഗുജറാത്തിൽ ശനിയാഴ്‌ച നടന്ന ഒരു ചടങ്ങിൽ മന്ത്രി വ്യക്തമാക്കി.

പൗരത്വ നിയമം 70 വർഷം മുമ്പ് നടപ്പാക്കേണ്ട കാര്യമായിരുന്നു. അന്ന് രാജ്യം മതാടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ രാജ്യം ആരുടെയും സ്വത്തല്ല. രാജ്യത്തിൻ്റെ സ്വാതന്ത്രം, അഖണ്ഡത എന്നിവ അംഗീകരിക്കുന്നതുപോലെ തന്നെ വന്ദേമാതരത്തെയും അംഗീകരിക്കാൻ തയ്യാറാകണം, അതിന് താൽപ്പര്യമില്ലാത്തവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരല്ല. അവർ രാജ്യം വിടുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ നാമോരുത്തരും മുസ്ലീം വിഭാഗത്തിനൊപ്പമാണ് ജീവിക്കുന്നത്. എന്നാൽ അവരോട് രാജ്യത്ത് നിന്ന് പുറത്തു പോകണമെന്ന് പറഞ്ഞിട്ടില്ല എന്നും പ്രസ്താവിച്ചു. കോൺഗ്രസാണ് ദ്വിരാഷ്‌ട്ര സിദ്ധാന്തം രൂപീകരിച്ചത്. ഒത്തുതീർപ്പ് ചർച്ചകൾക്ക് മുന്നിൽ നിന്നത് നെഹ്റുവും. പൗരത്വ നിയമത്തെ എതിർക്കുന്ന കോൺഗ്രസ് തകർച്ചയുടെ വക്കിലാണ്. അതിനാലാണ് കോൺഗ്രസ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതെന്നും സാരംഗി പറഞ്ഞു.

Content highlights: Citizenship law is the solution to the sins of those who divide the country before independence says bjp union minister Pratap sarangi