പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ കൂടുതൽ വരിക്കാരെ തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ആകർഷിക്കാനായി 179 രൂപയുടെ പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് കോളും ഡാറ്റയും കൂടാതെ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് ആണ് ഈ എയർടെൽ റീചാർജ് പ്ലാൻ ചെയ്യുന്ന വരിക്കാർക്ക് നൽകുന്നത്. ഭാരതി ആക്സ ലൈഫ് ഇൻഷുറൻസുമായി (Bharti AXA Life Insurance) ചേർന്നാണ് എയർടെൽ ഈ ആനുകൂല്യം അവതരിപ്പിക്കുന്നത്.
2 ജിബി മൊബൈൽ ഡാറ്റയും, മുന്നൂറ് എസ്എംഎസും ലഭ്യമാക്കുന്ന 179 രൂപയുടെ പ്ലാനിൽ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ആയി കോൾ ചെയ്യാം. കൂടാതെ ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിൻറെ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.
എയർടെലിൻറെ 18 വയസിനും 54 വയസിനും ഇടയിൽ പ്രായമുള്ള വരിക്കാർക്കാണ് ഈ ഇൻഷുറൻസ് കവർ ലഭ്യമാവുക. ഇതിനായി പ്രത്യേകം ഡോക്യുമെൻ്റുകൾ നൽകുകയോ വേണ്ട. പോളിസിയുടെ സർട്ടിഫിക്കറ്റ് ഉടൻ തന്നെ ഡിജിറ്റലായി വരിക്കാർക്ക് നൽകുകയും ചെയ്യും. അല്ലാത്തപക്ഷം ഫിസിക്കൽ കോപ്പിയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ ഫിസിക്കൽ കോപ്പിയും നൽകും.
എയർടെൽ താങ്ക്സ് ആപ്പിലൂടെയോ, ഏതെങ്കിലും എയർടെൽ റീറ്റെയ്ൽ സ്റ്റോറിലൂടെയോ ഈ പ്ലാൻ ഇൻഷുറൻസ് കവറിനൊപ്പം നേടാൻ കഴിയും. എയർടെലിൻറെ ലോകോത്തര നെറ്റ്‌വർക്കിൽ കണക്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതാണ് ഈ പ്ലാനെന്ന് ഭാരതി എയർടെൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശശ്വത് ശർമ പറഞ്ഞു.
എയർടെലിൻറെ ഈ പാർട്ണർഷിപ് ഓരോ ഉപഭോക്താവിനും ഓരോ റീചാർജ് ഉപയോഗിച്ചും ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി നേട്ടങ്ങൾ ലഭിക്കാൻ അവരെ സഹായിക്കുന്നു. ഈ സഖ്യം രാജ്യത്ത് ഇൻഷുറൻസിൻറെ വ്യാപനം കൂട്ടുമെന്ന ഉറപ്പുണ്ടെന്നും ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വികാസ് സേത്ത് അഭിപ്രായപ്പെട്ടു.
179 രൂപ റീചാർജിൽ ലഭിക്കുന്ന രണ്ട് ലക്ഷത്തിൻറെ ഇൻഷുറൻസ് സർക്കാരിൻറെ സാമ്പത്തിക വികസന കാഴ്ചപ്പാടിനും ഈ നീക്കം ഒരു മുതൽകൂട്ടാവുമെന്നാണ് എയർടെൽ അവകാശപ്പെടുന്നത്.
Content highlights: airtel launched Rs179 prepaid pack with Rs 2 lakh insurance cover