ഷഹീന്‍ ബാഗിലേത്​ പെയ്​ഡ്​ പ്രതി​ഷേധമെന്ന്​ ബിജെപി നേതാവി അമിത്​ മാളവ്യ; മാനനഷ്ടക്കേസ് നൽകി സമരക്കാർ

Amit Malviya

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗിലെ സ്​ത്രീകള്‍ പണം വാങ്ങിയാണ് പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന പ്രസ്​താവനയില്‍ ബി.ജെ.പി ഐ.ടി സെല്‍ അധ്യക്ഷ​നെതിരെ മാന നഷ്​ട കേസ്​. അപകീര്‍ത്തികരമായ പ്രസ്​താവന നടത്തിയ അമിത്​ മാളവ്യ ഒരു കോടി രൂപ നഷ്​ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്​ സമരം നടത്തുന്ന വനിതകളാണ്​ കോടതിയെ സമീപിച്ചത്​.

ഷഹീൻ ബാഗിലെ സ്ത്രീകൾ ദിവസേന 500 രൂപ കൂലി വാങ്ങിയാണ് സമരം ചെയ്യുന്നതെന്നാണ് മാളവ്യ പറഞ്ഞത്. ഇതിനായി ഒരു വീഡിയോ ദൃശ്യവും മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനെതിരെയാണ് സമരം ചെയ്യുന്ന വനിതകൾ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

സാകിർ നഗർ സ്വദേശിയായ നഫീസ ബാനു, ഷഹീൻ ബാഗ് സ്വദേശിയായ ഷഹ്‌സാദ് ഫാതിമ എന്നിവരാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. അഭിഭാഷകനായ മെഹ്മൂദ് പ്രചയാണ് പ്രതിഷേധക്കാർക്കായി മാളവ്യക്ക് നോട്ടീസ് അയച്ചത്. സ്ഥാപിത താല്‍പര്യത്തോടെ​ അമിത്​ മാളവ്യ ജനകീയ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന്​ നോട്ടീസില്‍ പറയുന്നു.

വനിതകളായ പ്രതിഷേധക്കാരെ അപമാനിക്കുന്ന തരത്തില്‍ വ്യാജ വിഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്​ തെറ്റാണെന്നും ദേശീയ, അന്താരാഷ്​ട്ര മാധ്യമങ്ങള്‍ക്ക്​ മുന്നില്‍​ അപകീര്‍ത്തി​പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്​ വിഡിയോ പ്രചരിപ്പിച്ചതെന്നും നോട്ടീസില്‍ പറയുന്നു. സിഎഎ, എൻആർസി, എൻപിആർ എന്നിവക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധ ധർണ 36 ദിവസം പിന്നിട്ടിരിക്കുകയാണ്.

Content Highlights: shaheen bagh women send defamation notice to bjp it cell chief Amit Malviya overpaid protest charge