യൂറോപ്യൻ യൂണിയൻ പാർലമെൻ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ രംഗത്ത്. വസ്തുതകളെക്കുറിച്ച് പൂർണ്ണവും കൃത്യവുമായ വിലയിരുത്തൽ നടത്തി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാകും നല്ലതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളോട് ഇന്ത്യ പ്രതികരിച്ചത്.
യൂറോപ്യൻ യൂണിയനിലെ 150 എം.പിമാർ ചേർന്ന് തയ്യാറാക്കിയ പ്രമേയത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. പൗരത്വ നിയമം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗര പ്രതിസന്ധിക്ക് ഇത് ഇടയാക്കുമെന്നും നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറുമെന്നുമാണ് പ്രമേയം പറയുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാധ്യതകള്‍ ഇന്ത്യ ലംഘിച്ചെന്നും, പൗരത്വത്തിന് മറ്റുള്ളവര്‍ക്കെന്നപോലെയുള്ള അവകാശം മുസ്ലിങ്ങളിൽ നിന്ന് അന്യമാക്കാന്‍ നിയമപരമായ സാഹചര്യം ഇന്ത്യ സൃഷ്ടിച്ചുവെന്നും കരട് പ്രമേയത്തിൽ ആരോപിക്കുന്നുണ്ട്. അടുത്ത ആഴ്ച ആരംഭിക്കുന്ന യൂറോപ്യൻ യൂണിയൻറെ പാർലമെൻ്റിൽ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം.
നന്നായി ആലോചിച്ച് വസ്തുതകള്‍ മനസിലാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രമേയം തയാറാക്കുന്നവരോടും അതിനെ പിന്തുണക്കുന്നവരോടും ഇന്ത്യ പ്രതികരിച്ചത്. പൗരത്വ നിയമം ഒരു മതത്തോടും വിവേചനം കാണിക്കുന്നില്ലെന്നും മുൻകാലങ്ങളിൽ യൂറോപ്യൻ സമൂഹങ്ങൾ പോലും ഇതേ സമീപനമാണ് പിന്തുടർന്നതെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. പൗരത്വ നിയമം പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് സർക്കാർ പറയുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും സഹ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
Content highlights: India opposes European Union lawmakers draft resolution against caa