സ്ത്രീ സുരക്ഷയൊരുക്കി പുത്തൻ പദ്ധതികളുമായി കേരളാ പോലീസ്

Kerala police latest project for women's safety

സംസ്ഥാനത്ത് ഇനി മുതൽ വനിതാ പോലീസുകാർ അടങ്ങുന്ന പെട്രോളിംങ് ടീം നിരത്തിലിറങ്ങും. കേരളാ പോലീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കേരളാ പോലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി ആചരിക്കാനാണ് ലക്ഷ്യമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഇതിൻ്റെ ഭാഗമായി രണ്ട് വനിതാ പോലീസുകാര്‍ ഉള്‍പ്പെട്ട സംഘം ബസ് സ്റ്റോപ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്കൂള്‍-കോളേജ് പരിസരങ്ങള്‍, ചന്തകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പെട്രോളിംങ് ശക്തമാക്കും.
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും. എല്ലാ ജില്ലകളിലും നിലവിലുള്ള വനിതാ പോലീസ് സ്റ്റേഷനുകള്‍ കേസ് അന്വേഷണത്തിലും സഹായിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഗുരുതരമായ കേസുകള്‍ ഇനിമുതല്‍ ഈ സംഘം അന്വേഷിക്കും. ഇക്കൊല്ലം അവസാനത്തോടെ വലിയ ജില്ലകളില്‍ അഞ്ചു ലക്ഷം സ്ത്രീകള്‍ക്കും ചെറിയ ജില്ലകളില്‍ രണ്ടു ലക്ഷം വനിതകൾക്കും സ്വയം പ്രതിരോധ പരിശീലനം നൽകും.

പോക്സോ കേസുകള്‍, ബാലനീതി നിയമം, സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കും. വനിതാ ഹെല്‍പ്പ്ലൈന്‍ ശക്തിപ്പെടുത്തും. വിവിധ സ്ഥലങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളിച്ചാണ് സ്ത്രീ സുരക്ഷയും സ്ത്രീകളുടെ രാത്രികാല യാത്രയുടെ സുരക്ഷയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

content highlights: Kerala police latest project for women’s safety