ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ടുവരാനൊരുങ്ങി നാസ. അടുത്ത ദശകത്തിൽ നടക്കാനിരിക്കുന്ന മാർസ് സാംപിൾ റിട്ടേൺ (എംഎസ്ആർ) പ്രോഗ്രാം പ്രകാരം ഭൂമിയിലെ വിശകലനത്തിനും പരീക്ഷണത്തിനുമായി ചൊവ്വയിലെ പാറ, മണ്ണ്, അന്തരീക്ഷം എന്നിവയുടെ സാംപിളുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. നാസ മുൻപ് ചൊവ്വയിലേക്ക് നിരവധി റോവറുകൾ അയച്ചിട്ടുണ്ടെങ്കിലും ഒരു പേടകത്തിനോ റോബോട്ടിനോ സാംപിളുകൾ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇക്കാര്യം നടപ്പിലാക്കാൻ തന്നെയാണ് നാസയുടെ പദ്ധതി. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ നിർദ്ദിഷ്ട എംഎസ്ആർ പദ്ധതിക്കായുള്ള നിർദേശങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ട്. പദ്ധതിയെ നയിക്കാൻ ഒരാളെയും നാസ അന്വേഷിക്കുന്നുണ്ട്.
നാസ ഇതുവരെ ചൊവ്വയിലേക്ക് നാല് റോവറുകള്‍ അയച്ചിട്ടുണ്ട്. അവയില്‍ ഗ്രഹത്തിൻ്റെ മണ്ണ്, കാലാവസ്ഥ, അന്തരീക്ഷം എന്നിവയും അതിലേറെയും പരീക്ഷിക്കാന്‍ കഴിയുന്ന നിരവധി ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. റോവറുകള്‍ ചൊവ്വയില്‍ നിന്ന് അവിശ്വസനീയമായ ഡേറ്റയും ഫോട്ടോകളും അയക്കുന്നുണ്ട്. ഇത് ഗ്രഹത്തിൻ്റെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചു. കൂടുതൽ വിശകലനത്തിനും പരിശോധനയ്ക്കുമായി സാംപിളുകൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നത് ‘ചൊവ്വയുടെ റോബോട്ടിക് പര്യവേക്ഷണത്തിൻ്റെ അടുത്ത യുക്തി സഹമായ നടപടിയാണ്’ എന്ന് ഇഎസ്എ വെബ്സൈറ്റിൽ പറയുന്നുണ്ട്. സാംപിൾ ശേഖരണം, വീണ്ടെടുക്കൽ, ഫ്ലൈറ്റ് ഹോം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ലോഞ്ചുകൾ ഉൾക്കൊള്ളുന്നതാണ് എംഎസ്ആർ പ്രോജക്റ്റ്.
Content Highlights: NASA plans to bring Mars rocks back to Earth