ആറ് വർഷത്തിന് ശേഷം സാമ്പിളുകൾ ശേഖരിച്ച് ജപ്പാൻ്റെ ബഹിരാകാശയാനം തിരിച്ചെത്തി

Asteroid dust collected by Japanese spacecraft arrives on Earth

വിദൂര ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച സാംമ്പിളുകളുമായി ആറ് കൊല്ലം മുമ്പ് വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയിലെത്തി. ജപ്പാൻ്റെ ബഹിരാകാശ ഭൗത്യമായ ഹയാബുസ-2ൻ്റെ ഭാഗമായിട്ടായിരുന്നു സാമ്പിൾ ശേഖരണം. ഞായറാഴ്ച പുലർച്ചെ 2.30നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. ഭൂമിയിൽ നിന്ന് 300 ദശലക്ഷം കിലോമീറ്റർ അകലെയുള്ള റ്യൂഗു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതിനായി 2014ൽ ആണ് ഭൗത്യം ആരംഭിച്ചത്. 

ആറ് വര്‍ഷത്തിന് ശേഷം ക്യാപ്‌സ്യൂള്‍ തിരിച്ചെത്തിയതിൻ്റെ സന്തോഷം ജപ്പാൻ്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ(JAXA) പങ്കുവെച്ചു. ഹയാബുസ-2 ൽ നിന്ന് ശനിയാഴ്ച വേർപെട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ക്യാപ്സൂളിൽ നിന്ന് ബീക്കണുകളുടെ സഹായത്തോടെ സാമ്പിളുകൾ വീണ്ടെടുത്തതായി ജാക്സ സ്ഥിരീകരിച്ചു.

തെക്കൻ ഓസ്ട്രേലിയ മരുഭൂമിയിൽ നിന്ന് വീണ്ടെടുത്ത സാമ്പിളുകൾ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ജപ്പാനിലെത്തിക്കും. ഏകദേശം 0.1 ഗ്രാം തൂക്കം വരുന്ന വസ്തുക്കളാണ് ശേഖരിച്ചത്. ഇവയ്ക്ക് പ്രപഞ്ചത്തിൻ്റേയും ജീവൻ്റേയും ഉത്പത്തിയെ കുറിച്ച് സൂചന നൽകാനാകുമെന്നാണ് വിലയിരുത്തൽ. ശേഖരിച്ച സാമ്പിളുകൾക്ക് പ്രപഞ്ചോത്പത്തിക്ക് ശേഷം മാറ്റമുണ്ടായിട്ടില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

content highlights: Asteroid dust collected by Japanese spacecraft arrives on Earth