‘ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ’ എന്ന വിവാദ മുദ്രാവാക്യത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ കുടുങ്ങി

Union minister Anurag Thakur raises controversial slogan

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂറിൻ്റെ ‘ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ’ എന്ന വിവാദ മുദ്രാവാക്യത്തിൽ ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. ഈ വിവാദ മുദ്രാവാക്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

അനുരാഗ് താക്കൂര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ‘ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ’ എന്ന മുദ്രാവാക്യം വിളിക്കുകയും പ്രവർത്തകരെ കൊണ്ട് അദ്ദേഹം മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്‌തു. ‘ദേശ് കെ ഗദ്ദറോണ്‍’ എന്ന് താക്കൂര്‍ വിളിക്കുകയും ‘ഗോലി മാരോ സാലോണ്‍ കോ’ എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്യുന്ന പ്രസംഗത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് കോൺഗ്രസും ആം ആദ്‌മിയും രംഗത്തുവന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു.

സംഭവം വിവാദമായതോടെ ഇതിനെതിരെ അനുരാഗ് താക്കൂർ രംഗത്തെത്തിയിരുന്നു. എല്ലാവരും വീഡിയോ ദൃശ്യങ്ങൾ മുഴുവൻ കാണണമെന്നും ഡൽഹിയിലെ ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രൂക്ഷമായ ഭാഷയിലാണ് അനുരാഗ് താക്കൂറിനെതിരെ കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചത്.

Content highlights: Union minister Anurag Thakur raises controversial slogan at Delhi rally