കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. ആദ്യ വിമാനത്തിൽ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. അതേസമയം വിമാനത്തില്‍ കയറുന്നതിനു മുമ്പായി നടത്തിയ പരിശോധനയില്‍ കടുത്ത പനി അനുഭവപ്പെട്ട ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ തന്നെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ ജ്യോതി. അടുത്ത മാസം വിവാഹമാണെന്നും തന്നെ നാട്ടില്‍ എത്തിക്കണമെന്നും ജ്യോതി വീഡിയോയില്‍ വന്ന് അപേക്ഷിച്ചു.
വുഹാനില്‍ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയര്‍ ഇന്ത്യ വിമാനത്തില്‍ വരേണ്ടതായിരുന്നു താനെന്നും എന്നാല്‍ പനി ഉണ്ടായതിനാല്‍ തന്നെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. ഞാനും എൻറെ സഹപ്രവര്‍ത്തകരും(58 പേര്) വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞങ്ങളില്‍ രണ്ടുപേര്‍ക്ക് നല്ല പനി ഉണ്ടായിരുന്നതിനാല്‍ ആദ്യ സംഘത്തിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കി.
നിങ്ങളെ അടുത്ത തവണ കൊണ്ടുപോകാമെന്നാണ് അപ്പോള്‍ അറിയിച്ചത്. എന്നാല്‍ വൈകീട്ട് രണ്ടാമത്തെ വിമാനത്തിലും ഞങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ല എന്നറിയിച്ച് അധികൃതരുടെ ഫോണ്‍കോള്‍ എത്തി. ഞങ്ങള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നോ, ഇല്ലെന്നോ ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഞങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് തെളിയിക്കാന്‍ വൈദ്യപരിശോധനയ്ക്ക് തയ്യാറാണ്.
വുഹാനില്‍ നിന്ന് ആദ്യസംഘം പുറപ്പെടുമ്പോള്‍ തനിക്ക് നേരിയ പനി മാത്രാണ് ഉണ്ടായിരുന്നത്. സാഹചര്യത്തിൻറെ സമ്മര്‍ദ്ദത്തില്‍ ഉണ്ടായതാണ് അത്. എനിക്കിപ്പോള്‍ പനിയില്ല. കൊറോണ ബാധിച്ചതിൻറെ ലക്ഷണങ്ങളുമില്ല. എന്നെ തിരികെ വീട്ടിലെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ വൈദ്യപരിശോധനകള്‍ക്ക് തയ്യാറാണ്. വീഡിയോയില്‍ വന്ന് അപേക്ഷിച്ച ജ്യോതിയുടെ വാക്കുകളാണിവ.
ഇപ്പോൾ ചൈനയില്‍ മാത്രമായി 16,400 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ മേഖലയില്‍ തന്നെയാണ് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 46 ഹൈവെ ടോള്‍ സ്റ്റേഷനുകളാണ് അധികൃതര്‍ പൂട്ടിയിരിക്കുന്നത്. നഗരത്തിലെ പൊതുഗതാഗതവും സിനിമ തീയേറ്ററും മ്യൂസിയവും അടക്കം എല്ലാ പൊതുസ്ഥലങ്ങളും അടച്ചിരിക്കുകയാണ്.
Contact highlights: I have no fever and I am ready for medical attention; The Indian woman is asking to come home from China