സംസ്ഥാനത്ത് കൊറോണ വൈറസ് തടയുന്നതിനായി ആരോഗ്യവകുപ്പ് കാസര്‍കോട് ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ ഒരുക്കി. കേരളത്തില്‍ മൂന്നാമതും കൊറോണ വൈറസ് സ്ഥിരീകരിച്ചതിൻറെ പശ്ചാത്തലത്തിലാണ് ഐസോലേഷന്‍ മുറികള്‍ ഒരുക്കുന്നത്. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ 18, ജനറല്‍ ആശുപത്രിയില്‍ 12, സ്വകാര്യ ആശുപത്രിയില്‍ നാല് എന്നിങ്ങനെയാണ് ഐസോലേഷന്‍ മുറികള്‍ ഒരുക്കിയിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കളക്ട്രേറ്റിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെൻ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ജില്ലയില്‍ 15 ഉപസമിതികള്‍ക്ക് രൂപം നല്‍കി, പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഈ 15 ഉപസമിതികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും വൈകീട്ട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
സംസ്ഥാനത്ത് ഇനി നാല് പേരുടെ സാമ്പിള്‍ പരിശോധനാഫലം ലഭിക്കാനുണ്ട്. ചൈനയില്‍ നിന്നും എത്തിയവരും അവരുടെ ബന്ധുക്കളുമായി 85 പേരാണ് നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
Content highlights: corona virus; 34 isolation rooms prepared in kasargod