വീരപ്പന്‍ സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍; പാലാര്‍ ബോംബ് സ്‌ഫോടനകേസിലെ പ്രതി സ്റ്റെല്ല മേരി പൊലീൻറെ പിടിയില്‍

Veerappan's close aide arrested in Karnataka

13 വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവിലാണ് കാട്ടുകള്ളന്‍ വീരപ്പൻറെ സംഘത്തില്‍ അംഗമായിരുന്ന സ്റ്റെല്ല മേരി പിടിയിലായത്. ആരാണ് സ്റ്റെല്ല മേരി? വീരപ്പൻറെ സഹായിയായിരിക്കെ 1994ലാണ് തമിഴ്‌നാട് പൊലീസ് സ്റ്റെല്ലയെ പിടികൂടുന്നത്. പിന്നീട് 2007ല്‍ ജാമ്യത്തിലിറങ്ങി. ജാമ്യത്തിലിറങ്ങിയ സ്റ്റെല്ലയെ പിന്നീട് പിടികൂടാന്‍ പൊലീസിനായില്ല. വീരപ്പൻറെ അടുത്ത അനുയായി, സുണ്ടയുടെ(വേലയ്യന്‍) ഭാര്യയായിരുന്നു സ്റ്റെല്ല മേരി. 13 വയസുള്ളപ്പോഴാണ് സ്റ്റെല്ല വീരപ്പൻറെ സംഘത്തിലേക്ക് എത്തുന്നത്. സഹോദരി ഭര്‍ത്താവ് ശേഷരാജന്‍ വഴി വീരപ്പന്‍ സ്റ്റെല്ലയെ ആദ്യം ബന്ദിയാക്കുകയായിരുന്നു. വീരപ്പന് ശേഷരാജന്‍ നല്‍കാനുള്ള പണത്തിന് പകരമായാണ് സ്റ്റെല്ലയെ ബന്ദിയാക്കിയത്. പിന്നീട് വീരപ്പന്‍ സംഘത്തിനൊപ്പം ചേര്‍ന്ന സ്റ്റെല്ല, ആയുധപരിശീലനം നേടി. ഉന്നം പിഴയ്ക്കാതെ വെടിവെയ്ക്കുന്നതിനുള്ള കഴിവാണ് സ്റ്റെല്ലയെ ശ്രദ്ധേയയാക്കിയത്. ഇതിനിടെയാണ് സുണ്ടയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ കൊല്ലേഗല്‍ ജാഗേരിയില്‍ കരിമ്പ് പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു സ്റ്റെല്ല. കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കഴിഞ്ഞ ദിവസം സ്റ്റെല്ല മേരി അവയെ തുരത്താന്‍ പടക്കം പൊട്ടിച്ചു. എന്നാല്‍ പൊട്ടിയ പടക്കത്തില്‍നിന്ന് കരിമ്പ് പാടത്തിലേക്ക് തീപടര്‍ന്നത് അവർക്ക് നിയന്ത്രിക്കാനായില്ല. ഇതോടെ സ്ഥലത്ത് പൊലീസ് എത്തി. പൊലീസിൻറെ ചോദ്യം ചെയ്യലിലാണ് സ്റ്റെല്ല മേരി കുടുങ്ങിയത്. ചാമരാജ് എസ്.പി, എച്ച്.ഡി അനന്ത് കുമാര്‍ എന്നിവർ സ്റ്റെല്ലയുടെ അറസ്റ്റ് സ്ഥിരീകരിച്ചു.

വീരപ്പന്‍ സംഘത്തിനൊപ്പം വിവിധ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും സ്റ്റെല്ല പങ്കാളിയായിരുന്നു. 22 പേരുടെ മരണത്തിനിടയാക്കിയ 1993ലെ പാലാര്‍ ബോംബ് സ്‌ഫോടനം, പൊലീസ് സ്റ്റേഷന്‍ ആക്രണം തുടങ്ങി നിരവധി കേസുകളില്‍ അവര്‍ പ്രതിയായിരുന്നു. 1994ലാണ് തമിഴ്‌നാട് പൊലീസിലെ പ്രത്യേക സംഘം സ്റ്റെല്ലയെ പിടികൂടുന്നത്. തുടര്‍ന്ന് ജയില്‍ശിക്ഷ ലഭിച്ച സ്റ്റെല്ല 2007ല്‍ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. അതിനിടെയാണ് അപ്രതീക്ഷിതമായി സ്റ്റെല്ല പിടിയിലായത്. 2004ല്‍ പ്രത്യേക ദൌത്യസംഘത്തിൻറെ വെടിയേറ്റ് വീരപ്പന്‍ കൊല്ലപ്പെട്ടതോടെയാണ് തമിഴ്‌നാട്-കര്‍ണാടക വനാതിര്‍ത്തിയില്‍ വിഹരിച്ചിരുന്ന കൊള്ളസംഘം ഇല്ലാതായത്. അക്കാലത്ത് ഭീകര വിരുദ്ധ നിയമമായ ടാഡയിലെ വ്യവസ്ഥകള്‍ ചുമത്തി സ്റ്റെല്ലയ്‌ക്കെതിരെ കേസെടുത്തിരുന്നു.

content highlights: Veerappan’s close aide arrested in Karnataka