എൻപിആറുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസർക്കാർ

Indian government ready to talks with chief ministers on nrc

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ എൻപിആറുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. എതിർപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനം. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ നേരില്‍ കണ്ടാണ് ചര്‍ച്ച നടത്തുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി സെന്‍സസ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. മറ്റ് മുഖ്യമന്ത്രിമാരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും. പൗരത്വ നിയമ ഭേദഗതിയും അതിന് കാരണമാകുന്ന ദേശിയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സംയുക്ത പ്രമേയം പ്രതിപക്ഷത്തിൻ്റെ പൂർണ്ണ പിന്തുണയോടെ നിയമസഭയിൽ ഏകകണ്ഠമായി പാസ്സാക്കിയെടുത്ത ആദ്യ സംസ്ഥാനം കേരളമാണ്. ഇതിനു പിന്നാലെയാണ് പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ് ഗഢ്, കേന്ദഭരണ പ്രദേശമായ പുതുച്ചേരി തുടങ്ങിയവയും സമാനമായ പ്രമേയം പാസ്സാക്കിയത്.

രാജ്യത്താകെ നടക്കുന്ന സെൻസസ് എൻപിആർ വിവര ശേഖരണത്തിനായി മുന്നിൽ നിൽക്കുന്നത് രജിസ്ട്രാർ ജനറൽ കൂടിയായ സെൻസസ് കമ്മീഷ്ണറാണ്. അതു കൊണ്ടാണ് ഈ ഉന്നത ഉദ്യോഗസ്ഥനെ തന്നെ ചർച്ച നടത്തുന്നതിനായി കേന്ദ്ര സർക്കാർ നിയേഗിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ എൻപിആ‌റിനോട് എതിർപ്പറിയിച്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ മന്ത്രിമാരെ വിവേക് ജോഷി നേരിട്ട് കാണും. പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിമയത്തെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളും എന്‍.പി‍.ആറിന്‍റെ പല ചോദ്യങ്ങളും മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അനുനയത്തിനുള്ള വഴികള്‍ തേടുന്നത്. സെൻസസ് നടപടികൾ തടസ്സപ്പെടുത്തില്ലെന്നും, അതുമായി ബന്ധപ്പെട്ട് എല്ലാ സഹകരണവുമുണ്ടാവുമെന്നുമാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. എന്നാൽ എൻപിആർ വിവരങ്ങൾ കൂടിയുണ്ടെങ്കിലേ സെൻസസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്താനാകൂ എന്ന് സെൻസസ് അതികൃതർ വ്യക്തമാക്കി.

ഓരോ പൗരന്‍റെയും എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ഡാറ്റാബേസാണ് എൻപിആറിന്‍റെ ലക്ഷ്യമെന്നും, അതിൽ ബയോമെട്രിക് വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നുമാണ് സെൻസസ് കമ്മീഷണറേറ്റ് വ്യക്തമാക്കുന്നത്. ഇതിനായി എല്ലാ സജ്ജീകരണങ്ങളുമുള്ള മൊബൈൽ ആപ്പാണ് ഇത്തവണ വിവരശേഖരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. 2021ല്‍ സെന്‍സസ് പൂര്‍ത്തിയാക്കുകയെന്നതാണ് ഇപ്പേൾ കേന്ദ്രത്തിന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി. എന്‍.പി.ആറില്‍ നേരത്തെ ഉണ്ടായിരുന്ന പല ചോദ്യങ്ങളും ഒഴിവാക്കിയിരിക്കുന്നുവെന്നും നിലവില്‍ എത്ര ആളുകള്‍ രാജ്യത്ത് താമസിക്കുന്നുണ്ട് എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.

Content Highlights; Indian government ready to talks with chief ministers on nrc