‘ഡല്‍ഹി കത്തിയെരിയുകയും കശ്മീരില്‍ എണ്‍പത് ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനിടയില്‍ ഹായ് ചായയും നമസ്‌തേ ട്രംപും’; ഇല്‍ത്തിജ മുഫ്തി

Iltija mufti says that hi-tea namaste trump while Delhi burns

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു വിമർശനം ഉയർത്തിയത്. ന്യൂഡൽഹിയിലുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ സന്ദർശനത്തെയും ഡൽഹിയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെക്കുറിച്ചും കാശ്മീരിലെ അവകാശങ്ങളെകുറിച്ചും ഇൽത്തിജ ട്വീറ്റ് ചെയ്തു. കരുതൽ തടങ്കലിൽ കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഇൽത്തിജയാണ്.

മെഹ്ബൂബ മുഫ്തി കരുതല്‍ തടങ്കലിലായതോടെ ഇല്‍ത്തിജ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഡൽഹി കത്തിയെരിയുകയും, കാശ്മീരിൽ എൺപത് ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനിടയില്‍ ഹായ് ചായയും നമസ്‌തേ ട്രംപും ആണെന്നും സബര്‍മതി ആശ്രമത്തിലേക്ക് പ്രമുഖരായ വിദേശികള്‍ വരുമ്പോഴാണ് മഹാത്മാ ഗാന്ധിയുടെ പൈതൃകം ഓര്‍മ്മിക്കപ്പെടുന്നതെന്നും അദ്ദേഹത്തിൻ്റെ മൂല്യങ്ങള്‍ മറന്നു പോകുകയാണെന്നും ഇൽത്തിജ ട്വിറ്റ് ചെയ്തു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഓഗസ്റ്റ് അഞ്ചിന് എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ടാണ് മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരടക്കമുള്ള നേതാക്കളെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്.

Content Highlights: Iltija mufti says that hi-tea namaste trump while Delhi burns