ഗോമൂത്ര പഠനം നടത്താൻ കഴിയില്ല ; ആരോഗ്യപരമായ ഗുണങ്ങളൊന്നുമില്ലെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പിലെ ശാസ്ത്രജ്ഞർ

Scientists Say Cow Urine Has 'Zero' Health Benefits 

ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ കീഴിൽ നടത്തിയ ഗോമൂത്ര പഠനം പരാജയം. ആരോഗ്യപരമായ യാതൊരു ഗുണങ്ങളും ഗോമൂത്രത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി പഠനം നടത്താൻ ശാസ്ത്രജ്ഞർ വിസമ്മതം കാണിച്ചതോടെയാണ് പഠനം പരാജയപ്പെട്ടത്. പഠനത്തിന് കഴമ്പിലെന്നും സമയം പാഴാക്കലാണെന്നും ശാസ്ത്രജ്ഞർ കേന്ദ്രത്തെ അറിയിച്ചു.  

ഫെബ്രുവരി 17 നാണ്  ‘സ്വദേശി പശുക്കളിൽ നിന്നുള്ള ഉത്പന്നങ്ങൾ വർധിപ്പിക്കാനുള്ള ശാസ്ത്രീയ നീക്കം’ എന്ന പേരിൽ ഗോമൂത്രത്തിൽ നിന്നുള്ള ഗുണഗണങ്ങളെപ്പറ്റി പഠിക്കാൻ ഗവേഷകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്ക് തുടക്കമിടുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ കീഴിൽ ഗോസംരക്ഷകർ, ഗവേഷകർ, അക്കാദമീഷ്യൻസ്, സ്റ്റാർട്ട് അപ്പ് സംരംഭകർ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു പദ്ധതി. പശുവിൽ നിന്നുള്ള ഉപോല്‍പ്പന്നം ഉപയോഗിച്ച് ടൂത്ത്പേസ്റ്റ്, കൊതുകിനെ അകറ്റാനുള്ള രാസവസ്തുക്കൾ ഉൾപ്പടെ ക്യാൻസറിനെ ഇല്ലാതാക്കാൻ കഴിയുന്ന ഭക്ഷണയോഗ്യമായ പാൽ നെയ്യ് എന്നിവ ഉത്പാദിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഒരു ഉദ്ദേശം.

എന്നാൽ ക്യാൻസർ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടും ഗോമൂത്രത്തെപ്പറ്റിയുള്ള സൂചനകൾ എവിടെയും കണ്ടിട്ടില്ലാത്തതിനാൽ ഇത്തരം പഠനം നടത്തുക വഴി ശാസ്ത്രത്തിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. 

ഇതൊരു തുറന്ന ഗവേഷണമാണെങ്കിൽ എന്തുകൊണ്ട് പശുക്കളിൽ മാത്രം കേന്ദ്രീകരിക്കണമെന്നും ഒട്ടകം, ആട് തുടങ്ങിയ ജീവികളെ കൂടി ഇതിൽ ഉൾപ്പെടുത്താത്തതിൻ്റെ കാരണമെന്തെന്നും കൊൽക്കത്ത സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അയാൻ ബാനർജി ചോദിച്ചു.

ഗോമൂത്രം കുടിച്ചാൽ ക്യാൻസർ മാറുമെന്ന് മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് താക്കൂർ മുൻപ് പറഞ്ഞിട്ടുണ്ട്. തൻ്റെ സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്നും പ്രഗ്യാസ് സിംഗ് പറഞ്ഞിരുന്നു.

content highlights: Scientists Say Cow Urine Has ‘Zero’ Health Benefits