സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയോട് 15 ദിവസത്തിനകം ഇന്ത്യ വിടാനാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ബംഗ്ലാദേശിലെ കുഷ്തിയ സ്വദേശിയായ അപ്സര അനിക മിമിൻ. ജനുവരി എട്ടിന് പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിൽ ഇടതു പക്ഷ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ അപ്സര പങ്കെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥിനിയോട് നാടുവിടാൻ ആവശ്യപ്പെട്ടത്. സിഎഎക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാരോപിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം വിദേശ കാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
നിലവിൽ സ്റ്റുഡൻ്റ് വിസയിൽ ഇന്ത്യയിൽ താമസിക്കുന്ന അപ്സര, വിസ വ്യവസ്ഥകൾ ലംഘിക്കുന്ന സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും, 15 ദിവസത്തിനകം രാജ്യം വിടണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇതേ തുടർന്നാണ് നാടുവിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊൽക്കത്തയിലെ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ വിദേശ രജിസ്ട്രേഷൻ ഓഫീസിൽ നിന്നും അപ്സരക്ക് കത്തയച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് മറ്റ് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ അപ്സരക്ക് പങ്കില്ലെന്ന് ഇടതു വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ വിശ്വ ഭാരതിയുടെ കേന്ദ്ര ഓഫീസിനു മുന്നിൽ അപ്സര പ്രതിഷേധിക്കുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു.
Content Highlights: Bangladeshi student asked to leave India after ‘anti-CAA’ posts