അമേരിക്കയും അമേരിക്കയും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മിലുള്ള സമാധാന കാരാറിൽ ഇന്ന് ഒപ്പിടും. ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് ഈ ചരിത്രസംഭവത്തിന് വേദിയാകുന്നത് കരാർ ഒപ്പിടുന്നതിൽ സാക്ഷിയാകാൻ ഇന്ത്യ അടക്കം 30 രാജ്യങ്ങൾക്ക് ക്ഷണമുണ്ട്. ഖത്തർ ഭരണ കൂടമാണ് ഇന്ത്യയെ ക്ഷണിച്ചത്. ഇത് ആദ്യമായാണ് ഇന്ത്യ താലിബാനുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാന്‍ യുഎസും താലിബാനും തമ്മില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കരാര്‍ സംഭവിക്കുന്നത്. താലിബാനും അഫ്ഗാനിസ്ഥാൻ സർക്കാരും കരാറുമായി മുന്നോട്ടു പോകുകയാണെങ്കിൽ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടു വരാനുള്ള പാതയുണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജ്യത്തിൻ്റെ സമാധാനത്തിനും പുതിയ ഭാവിക്കും വേണ്ടി ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ട്രംപ് അഫ്ഗാന്‍ ജനതയോട് പറഞ്ഞു. കരാര്‍ ഒപ്പിട്ടതിന് ശേഷം യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരും സംയുക്ത പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ഇതിൻ്റെ വിശദാംശങ്ങൾ ഇതു വരെ വെളിപെടുത്തിയിട്ടില്ല. പതിമൂവായിരത്തോളം യുഎസ് സൈനികര്‍ നിലവില്‍ അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. ഇത് 135 ദിവസം കൊണ്ട് 8,600 ലേക്കെത്തും. പൂര്‍ണ്ണമായും സൈനികരെ പിന്‍വലിക്കുന്നതിനുള്ള സമയ പരിധിയും കരാറിലുണ്ടാകുമെന്നാണ് സൂചന. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമാണ് അഫ്ഗാനിസ്ഥാനിലേത്. 2001 ന് ശേഷം 2400 ഓളം യുഎസ് സൈനികർ കൊല്ലപെട്ടിട്ടുണ്ട്. അല്‍ഖ്വായ്ദയ്ക്കും മറ്റു തീവ്രവാദ സംഘടനകള്‍ക്കും സഹായം നല്‍കരുത്, അക്രമങ്ങള്‍ കുറയ്ക്കുക, അഫ്ഗാൻ സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുക തുടങ്ങിയവയാണ് കരാറില്‍ താലിബാനുള്ള നിർദേശങ്ങൾ.
Content Highlights; US-Taliban peace deal to be signed today evening in Doha, Indian envoy among 30 countries also invited to witness the event