വധഭീഷണി; ബിജെപി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ

Kapil Mishra gets Y+ security

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അടുത്തിടെ നടന്ന കലാപങ്ങള്‍ക്ക് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ നിർദ്ദേശം. കലാപത്തെത്തുടർന്ന് ജീവന് ഭീഷണി നേരിട്ട സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്.

ആറ് സുരക്ഷ ഉദ്യോഗസ്ഥസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 2017 ൽ മിശ്ര ആം ആദ്മി പാർട്ടി എം‌എൽ‌എ ആയിരുന്നപ്പോൾ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് പ്രതിഷേധിക്കുന്നതിനിടെ അദ്ദേഹത്തിൻറെ സുരക്ഷയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥരെ കൂടെ അയക്കാന്‍ നിർദ്ദേശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാല്‍ അന്ന് മിശ്ര നിർദ്ദേശം തള്ളിക്കളയുകയും പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ ജീവന് ഭീക്ഷണിയുണ്ടെന്ന് കാട്ടി സ്വയം സുരക്ഷ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയതിന് കപിൽ മിശ്രയെപ്പോലുള്ള ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് വെള്ളിയാഴ്ച ചോദിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി  തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ എഫ്‌ഐആർ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ കേന്ദ്രത്തിന്റെയും ഡല്‍ഹി സർക്കാറിന്റെയും പോലീസിന്റെയും പ്രതികരണം ഡല്‍ഹി ഹൈക്കോടതി തേടിയ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം.

ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വർമ, കപിൽ മിശ്ര എന്നിവർക്കെതിരെ എഫ്‌ഐആർ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ഹർഷ് മന്ദർ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

content highlights: Kapil Mishra gets Y+ security, guards to man him 24×7 after BJP leader claims threat to life