രാത്രി കാലങ്ങളിൽ സമരത്തിന് പങ്കെടുക്കരുതെന്ന് വനിത ലീഗിന് നിർദേശം. വനിതാ ലീഗ് നേതാക്കളുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇക്കാര്യം വിശദീകരിച്ചു കൊണ്ട് ദേശിയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശം പുറത്ത് വന്നു. രാത്രി കാലങ്ങളിൽ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കുന്നതിന് വനിതാ ലീഗിന് വിലക്കേർപെടുത്തി കൊണ്ടുള്ളതായിരുന്നു സന്ദേശം. വനിതകൾ വൈകിട്ട് ആറ് മണിക്കു ശേഷം നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. രാത്രി കാലങ്ങളില്‍ ഷഹീൻ ബാഗ് മോഡലിൽ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കെണ്ടതില്ലെന്ന നിർദേശം അറിയിക്കാൻ ലീഗ് നേതൃത്വം നൂർബിന റഷീദിനെ ചുമതലപെടുത്തുകയായിരുന്നു.
ബംഗ്ലുരുവിൽ നടന്ന ലീഗ് ദേശിയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നൂർബിന റഷീദ് ഈ വിവരം സംസ്ഥാനത്തെ വനിതാ ലീഗ് നേതാക്കളുടെ ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു. പലയിടങ്ങളിലും നടത്തുന്ന ഷെഹിൻ ബാഗ് മോഡൽ സമരത്തിലടക്കം വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രികൾ സമരങ്ങളിൽ പങ്കെടുക്കരുതെന്ന നിർദേശവുമായി ലീഗ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിർവഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു രാത്രികാല സമരം വിലക്കിയ കാര്യം വാട്സ് അപ് ഗ്രൂപ്പിൽ നൂർബിന റഷീദ് പങ്കുവെച്ചത്.
Content Highlights; Women should not participate in night-time protests








