കൊറോണ വൈറസ്: ഡോക്ടറുടെ നിർദ്ദേശം കൂടാതെയുള്ള എൻ95 മാസ്കുകളുടെ വില്‍പ്പന മഹാരാഷ്ട്ര റദ്ദാക്കി

മുംബൈ: ഇന്ത്യയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ, ആവശ്യക്കാരേറി വരുന്ന എൻ95 മാസ്കുകള്‍ ഡോക്ടറുടെ നിർദ്ദേശം കൂടാതെയുള്ള വില്‍പ്പന മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഭയം കൊണ്ട് മാസ്കുകള്‍ വാങ്ങി പൂഴ്ത്തി വെക്കുന്നുവെന്ന പരാതി സർക്കാരിനു ലഭിച്ചതോടെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം.

മാസ്കുകള്‍, സാനിറ്റൈസർ അടക്കമുള്ള സംരക്ഷണ ഉപകരണങ്ങളുടെ പ്രവർത്തനം മഹാരാഷ്ട്രയിൽ പരിമിതപ്പെടുത്തിയിട്ടില്ല. കരിഞ്ചന്ത നടത്തിയ മൂന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് ആഗ്രയിലെ ജില്ലാ മജിസ്‌ട്രേറ്റ് അടുത്തിടെ മുദ്രവെച്ചിരുന്നു. വിദ്യാർത്ഥിയുടെ മാതാപിതാക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നോയിഡയിലെ രണ്ട് സ്കൂളുകള്‍ അടച്ചിരുന്നു. ഇതിനു പിന്നാലെ നോയിഡയില്‍ മാസ്കുകളുടെ വില കുത്തനെ ഉയർന്നു. മാസ്കുകളും സാനിറ്റൈസറുകളും പൂഴ്ത്തിവെക്കുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

വൈറസ് ബാധയില്ലാത്തവർ രോഗികളുമായി അടുത്തിടപഴകുന്നില്ലെങ്കില്‍ അവർക്ക് മാസ്കുകള്‍ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

അതേസമയം, ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 1,01,569 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലമുള്ള മരണം 3461 ആയി.

Content Highlight: Maharashtra Government banned sale of N95 Respirators without prescription