ഇറ്റലിയിലുള്ള ഇന്ത്യക്കാർക്ക് കൊറോണയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഇന്ത്യയിലെത്തിക്കും; എസ് ജയശങ്കർ

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കൊറോണ ബാധ വ്യാപകമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രാജ്യത്തേക്കുള്ള നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി എസ് ജയശങ്കര്‍ അറിയിച്ചു. ലോക്സഭയില്‍ കൊറോണ ബാധയേപ്പറ്റി നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇറ്റലിയില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചൈന, കൊറിയ, ഇറാന്‍, സ്പെയിന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാരും അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മന്ത്രിതല സമിതി സമയാസമയങ്ങളില്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.

ഇറാനില്‍ ഉള്ള ഇന്ത്യക്കാരില്‍ നിന്ന് ശേഖരിച്ച 529 പേരുടെ സാമ്പിളുകളില്‍ 229 സാമ്പിളുകള്‍ കൊറോണ നെഗറ്റീവായിരുന്നുവെന്നും എസ് ജയശങ്കര്‍ സഭയെ അറിയിച്ചു. ഇറാനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുക എന്നതാണ് പ്രാഥമിക ശ്രദ്ധ. ഇറാനില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്നും 6,000 ഇന്ത്യക്കാരാണ് ഇറാനില്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരില്‍ 1,100 പേരും മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണെന്നും 300 പേര്‍ ജമ്മുകശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നും കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 1000 മത്സ്യത്തൊഴിലാളികളും ഇറാനിലുണ്ടെന്നും മന്ത്രി അറിയിച്ചു.

Content Highlight: Only bring back tested people to India from Italy