കൊറോണ വൈറസ് ഭീതി; ലോകരാജ്യങ്ങളോട് സഹായാഭ്യർത്ഥനയുമായി ഇറാൻ

ടെഹ്റാൻ: ആഗോള തലത്തിൽ കൊറോണ വൈറസ് മരണ താണ്ഡവമാടുമ്പോള്‍ സഹായിക്കാൻ അയൽ രാജ്യങ്ങളില്ലാതെ ഇറാൻ. അമേരിക്ക ഇറാനുമേൽ ഉപരോധമേർപ്പെടുത്തിയതാണ് വൻ തിരിച്ചടിയായി മാറിയത്. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടുള്ള ലോകരാജ്യങ്ങളോട് ഇറാൻ സഹായാഭ്യർത്ഥന നടത്തിയത്.

വെള്ളിയാഴ്ചയാണ് ഇറാൻ പരമാധികാരിയായ ഹസൻ റൂഹാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ക്ക് കത്തെഴുതിയത്. യുഎസ് ഉപരോധം എങ്ങനെയാണ് കൊറോണ വൈറസ് പ്രതിരോധത്തെ ബാധിച്ചത് എന്നതു സംബന്ധിച്ച വിശദീകരണവും കത്തിൽ ഉണ്ടായിരുന്നു. വൈറസ് ബാധയെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര സഹകരണം വേണമെന്നും രാജ്യങ്ങള്‍ തമ്മിൽ പരസ്പരം സഹകരിക്കണമെന്നും ഹുസൈൻ റൂഹാനി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ചികിത്സാച്ചെലവും സൗകര്യങ്ങളും കണക്കിലെടുത്ത് ഇക്കാര്യത്തിൽ ഗൗരവത്തോടു കൂടി പദ്ധതികള്‍ ആവിഷ്കരിക്കണം.

അതേസമയം, വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ ഇന്ത്യയ്ക്കെതിരെ പരസ്യമായ നിലപാടെടുത്ത ഇറാനുമായി ഇന്ത്യയ്ക്ക് മികച്ച ബന്ധമല്ല നിലവിൽ ഉള്ളത്. കശ്മീര്‍ വിഷയത്തിലും സിഎഎയിലും ഏറ്റവും ഒടുവിലായി ഡൽഹി കലാപവുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. 2018 നവംബറിൽ യുഎസ് ഇറാനുമേൽ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അടക്കം ഇന്ത്യ കുറച്ചിരുന്നു.

ചൈനക്ക് പുറമേ കൊറോണ വൈറസ് അധികമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാനും. രാജ്യത്ത് ഇതേവരെ 12,700 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Content Highlight: Iran asks for help amid corona virus