കൊച്ചി: ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥി രജിത്ത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ 13 പേർ അറസ്റ്റിൽ. സംഭവത്തിൽ 75 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കൊറോണ വൈറസ് കേരളത്തിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അനാവശ്യമായ ഒത്തു ചേരലുകള്‍ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം അവഗണിച്ചാണ് ആരാധകർ ഇദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. അതേസമയം, രജിത്ത് കുമാർ ഒളിവിൽ തന്നെയാണെന്നാണ് പൊലീസ് നിഗമനം.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ, മുദ്രാവാക്യം വിളിച്ച് സ്വീകരണം ഒരുക്കിയ മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്. പരിപാടിക്ക് എത്തിയ എല്ലാവരെയും അറസ്റ്റ് ചെയ്യാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
റിയാലിറ്റി ഷോ താരത്തിന് സ്വീകരണം നൽകിയ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് സർക്കാർ അന്വേഷിച്ച് വരികയാണെന്ന് മന്ത്രി സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഭവം വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും, സംഭവത്തിൽ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Content Highlight: 13 arrested on welcoming Big Boss participant Rajith Kumar