കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള, കർണാടക അതിർത്തിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന തുടങ്ങി. രാത്രിയും പകലുമായി ശക്തമായ പരിശോധനയാണ് സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിവരുന്നത്.
സിവിൽ എക്സൈസ് ഓഫീസർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന 10 അംഗ സംഘമാണ് ഇവിടെ ജാഗ്രത പുലർത്തുന്നത്. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അശോകന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ പരിശോധന കേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യ ഘട്ടത്തിൽ എക്സൈസ് തന്നെയാണ് പരിശോധന നടത്തിയതെങ്കിലും ഇത് ഫലവത്താകാത്തതിനെ തുടർന്നാണ് സംയുക്ത പരിശോധന ആരംഭിച്ചത്.
കർണ്ണാടകയിൽ നിന്ന് വരുന്ന മുഴുവൻ വാഹന യാത്രക്കാരെയും തെർമ്മോമീറ്റർ ഉപയോഗിച്ച് പനി പരിശോധന നടത്തിയ ശേഷം മാത്രമേ അതിർത്തി കടത്തിവിടുന്നുള്ളൂ. സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടെത്തിയാൽ 108 ആംബുലസിന്റെ സേവനത്തോടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസര്‍ തുടങ്ങി സുരക്ഷ മുൻകരുതലോടെയാണ് പരിശോധന നടത്തി വരുന്നത്. നേരത്തെ കർണാടകയിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണവും പരിശോധനയും ആരോഗ്യ വകുപ്പ് ശക്തമാക്കിയത്.
Content Highlight: Police Checking in Karnataka Kerala border amid Corona Virus