കൊവിഡ് 19; മരണം 8900 കടന്നു, ഇറ്റലിയിൽ 24 മണിക്കുറിനുള്ളിൽ മരിച്ചത് 475 പേർ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യങ്ങൾ

coronavirus. Italy reports 475 cases in a day

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയിൽ 24 മണിക്കൂറിൽ 475 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ ആകെ മരണം 2978 ആയി. ചൈനയ്ക്ക് പുറത്ത് കോവിഡ് -19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യവും, രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ മരിച്ചതും ഇറ്റലിയിലാണ്. ബ്രിട്ടണിൽ നൂറും ഇറാനിൽ 147 പേരും സ്പെയിനിൽ 105 പേരും ഒരു ദിവസത്തിനുള്ളിൽ മരിച്ചു. ഇന്നലെ മാത്രം 2900 പേർക്കാണ് ജർമ്മനിയിൽ സ്ഥിരീകരിച്ചത്. ഫ്രാൻസിൽ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. പാക്കിസ്ഥാനിലും ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. അതേ സമയം കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാനിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഇന്ത്യയിൽ ഇതുവരെ 171 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 171 പേരിൽ 25 പേർ വിദേശികളാണ്. ഹരിയാനയിൽ 14 വിദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 18 സംസ്ഥാനങ്ങളിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് രാജ്യങ്ങൾ. അമേരിക്ക-കാനഡ അതിർത്തി അടച്ചു. ബെൽജിയം, ഗ്രീസ്, പോർച്ചുഗൽ, ചിലി എന്നീ രാജ്യങ്ങൾ അടച്ചിടൽ പ്രഖ്യാപിച്ചു. കൊവിഡ് പരിശോധന കൂട്ടണമെന്ന് എല്ലാരാജ്യങ്ങളോടും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. 2008ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ വലിയ ആഘാതമാണ് തൊഴിൽ മേഖലയിൽ കൊവിഡ് സൃഷ്ടിക്കുവാൻ പോകുന്നതെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന മുന്നറിയിപ്പ് നൽകി. 

content highlights: coronavirus. Italy reports 475 cases in a day