‘ജിന്നിന്’ പകരം സാനിറ്റൈസര്‍; കൊറോണ കാലത്ത് പ്രതിരോധ സഹായം തീര്‍ത്ത് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം

മെല്‍ബണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാലാവുന്ന സഹായം തീര്‍ക്കണമെന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ആഹ്വാനത്തിന് പിന്നാലെ, ആല്‍ക്കഹോള്‍ നിര്‍മാണം ഉപേക്ഷിച്ച് സാനിറ്റൈസര്‍ നിര്‍മിക്കാനൊരുങ്ങി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍. ‘ജിന്‍’ എന്ന ആല്‍ക്കഹോള്‍ നിര്‍മ്മിച്ചിരുന്ന വോണിന്റെ സെവന്‍സീറോഎയ്റ്റ് (sevenzeroeight) എന്ന കമ്പനിയാണ് കൊറോണ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഡിസ്റ്റിലറി കമ്പനിയാണ് മെഡിക്കല്‍ ഗ്രേഡ് 70 ശതമാനം ഉള്ള ആല്‍ക്കഹോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച്ച ഒരു പ്രസ്താവന വഴിയാണ് വോണ്‍ ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ രണ്ട് ആശുപത്രികളിലേക്ക് തുടര്‍ച്ചയായി സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കാന്‍ കരാറായെന്നും വോണ്‍ പറഞ്ഞു.

കൊറോണ വൈറസ് കാലത്ത് യുദ്ധകാലടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ നിര്‍മിക്കാന്‍ കമ്പനികളോട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തങ്ങളാല്‍ ആകും വിധം സഹായിക്കുമെന്ന് വോണ്‍ പ്രതികരിച്ചു.

Content Highlight: Covid 19 Shane Warne’s gin company to produce hand sanitizes