14 ദിവസത്തിന് ശേഷവും കൊറോണ ലക്ഷണങ്ങള്‍; ക്വാറന്റൈന്‍ രണ്ടാഴ്ച്ച പോരെന്ന് പുതിയ പഠനം

വാഷിംങ്ടണ്‍: കൊറോണ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ, രോഗം സംശയിക്കുന്നവരോ ആയ വ്യക്തികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ പോരാ എന്ന് പുതിയ പഠനം. 14 ദിവസത്തിന് ശേഷവും ചിലരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതാണ് പുതിയ പഠനത്തിനാധാരം. ജനുവരി 20നും ഫെബ്രുവരി 12നുമിടയില്‍ 175 കേസുകള്‍ പഠിച്ചാണ് പുതിയ നിഗമനത്തിലെത്തിയത്.

കേംബ്രിഡ്ജ് സര്‍വ്വകലാശാല ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ആന്റ് ഹോസ്പിറ്റല്‍ എപിഡമോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച ചിലര്‍ക്ക് 14 ദിവസത്തില്‍ കൂടുതല്‍ സമയം രോഗനിര്‍ണയത്തിന് ആവശ്യമായി വന്നു. 41 വയസ്സ് ശരാശരി പ്രായം കണക്കാക്കിയാണ് പഠനത്തിനുള്ളവരെ തെരഞ്ഞെടുത്തത്. ചൈനയിലേക്ക് പോയ ഒരു സംഘം ആളുകളെയും അവരില്‍ നിന്ന് രോഗം പകര്‍ന്ന മറ്റ് ആളുകളെയും നീരിക്ഷിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്.

14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പീരീഡാണ് ഇപ്പോള്‍ വിവിധ സര്‍ക്കാരുകള്‍ നിഷ്‌കര്‍ഷിക്കുന്നത്. നിലവിലെ സര്‍ക്കാരുകളെല്ലാം 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് അടിസ്ഥാനമാക്കിയുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തെ പഴുതടച്ച രീതിയില്‍ തടുക്കാന്‍ 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് പര്യാപ്തമല്ല എന്നാണ് പുതിയ പഠനം വെളിവാക്കുന്നത്.

Content Highlight: some may need more than 14 days quarantine, says study