രോഗവിമുക്തി നേടിയ ആളുടെ രക്തം രോഗിക്ക്; നിർണായക പരീക്ഷണത്തിന് ഒരുങ്ങി അമേരിക്ക

FDA will allow doctors to treat critically ill coronavirus patients with blood from survivors

കൊവിഡിന പ്രതിരോധിക്കാൻ നിർണായക ചികിത്സ സമ്പ്രദായം പരീക്ഷിക്കാൻ തയ്യാറെടുത്ത് അമേരിക്ക. രോഗം ഭേദമായ ആളുകളില്‍നിന്നുള്ള രക്തം ശേഖരിച്ച് രോഗബാധിതര്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് യുഎസ് ആശുപത്രികൾ. ഇതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. ഉടൻ തന്നെ അനുമതി ലഭിക്കുമെന്നാണ് സൂചന. 

രോഗം അതിജീവിച്ചവരുടെ രക്തത്തിൽ നിന്ന് ആൻ്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വെെറസ് രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് പദ്ധതിയിട്ടതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആധുനിക വാക്‌സിനുകള്‍ കണ്ടെത്തുന്നതിനു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന കണ്‍വാലസെൻ്റ് പ്ലാസ്മ എന്ന സമ്പ്രദായമാണിത്. 1918ല്‍ ഫ്ലു പടര്‍ന്നുപിടിച്ചപ്പോഴും 2002ല്‍ സാര്‍സ് വൈറസിനെതിരെയും ഈ രീതി ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. 

രോഗവിമുക്തി നേടിയവരില്‍നിന്നുള്ള രക്തം ശേഖരിച്ച് രോഗികള്‍ക്ക് മരുന്നായും രോഗം ബാധിക്കാന്‍ ഇടയുള്ളവര്‍ക്ക് വാക്‌സിൻ്റെ രൂപത്തില്‍ താല്‍ക്കാലിക സംരക്ഷണം നല്‍കാനുമാണ് ഇതുവഴി യുഎസ് ഡോക്ടര്‍മാർ ഒരുങ്ങുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കാനായി ഏതു രീതി അവലംബിക്കാനും അനുമതി തേടാന്‍ ഡോക്ടര്‍മാരെ അനുവദിക്കുന്ന അടിയന്തര പ്രോട്ടോക്കോളിന് എഫ്ഡിഎ കഴിഞ്ഞ ചൊവ്വാഴ്ച അംഗീകാരം നല്‍കിയിരുന്നു. പുതിയ പരീക്ഷണത്തിന്  എഫ്ഡിഎ അംഗീകാരം നല്‍കുന്നതോടെ ആൻ്റിബോഡി നിറഞ്ഞ പ്ലാസ്മ നിലവില്‍ ആശുപത്രി ജീവനക്കാര്‍ക്കും രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്കും നല്‍കി പരീക്ഷിക്കും. 

content highlights: FDA will allow doctors to treat critically ill coronavirus patients with blood from survivors