രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 649 ആയി; കേരളത്തില്‍ 100 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 649 ആയി. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 44 പേര്‍ക്കാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്ന് ഇന്നലെ ആദ്യം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍,തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നും 9 പുതിയ കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

ആകെ രോഗ ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിലും കേരളത്തിലും 100 കടന്നു. മഹാരാഷ്ട്രയില്‍ 125 ഉം കേരളത്തില്‍ 101 ഉം രോഗ ബാധിതര്‍ ആണ് ഉള്ളത്. കര്‍ണാടകയില്‍ 41 ഉം രാജസ്ഥാനില്‍ 34 ഉം ഉത്തര്‍പ്രദേശില്‍ 36 ഉം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പടെ 22 സംസ്ഥാനങ്ങളിലും പുതുച്ചേരി ഉള്‍പ്പടെ 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ഒരു ബിജെപി എംപിയുടെ മകള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: Corona confirmation cases reaches 606 in India