കൊവിഡില്‍ പകച്ച് ലോകം: ആറരലക്ഷത്തിലേറെ രോഗികള്‍

ന്യൂയോര്‍ക്ക്/റോം: കൊവിഡിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. യൂറോപ്പിലും അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഓരോ ദിവസവും മരണവും രോഗബാധിതരുടെ എണ്ണവും ഓരോ ദിവസം കുതിച്ചുയരുകയാണ്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ലോകം വിറങ്ങലിച്ച് നില്‍ക്കുകയാണ്.

ഇറ്റലിയിലും സ്‌പെയിനും അമേരിക്കയിലും റെക്കോര്‍ഡ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായിരിക്കുന്നത്. യുകെയിലും മരണസംഖ്യ കുത്തിച്ചുയര്‍ന്നു. ലോക രാജ്യങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി മഹാമാരിയെ തുരത്തണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വൈറസ് പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. യൂറോപ്പിനും ഏഷ്യക്കും പിന്നാലെ ആഫ്രിക്കന്‍ രാജ്യങ്ങളിലും കൊവിഡ് മരണവും കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം കടുത്ത ആശങ്കയാണ് ഉയരുന്നത്. ഭരണ നേതാക്കളെ ഉള്‍പ്പെടെ പിടികൂടിയ കൊറോണ വൈറസിനെ തുരത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകം ഒരുമിക്കുകയാണ്.

ലോകത്താകെ ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത് 3507 പേരാണ്. ഇതോടെ മരണസംഖ്യ 30851 ആയി. 199 രാജ്യങ്ങളിലായി 66000ത്തിലേറെ ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്താകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 662967 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്. ഇറ്റലിയില്‍ ഒറ്റ ദിവസം 889 പേര്‍ മരിച്ചതോടെ മരണസംഖ്യ 10023 ആയി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലേക്കാള്‍ മൂന്നിരട്ടിയിലേറെ മരണമാണ് ഇറ്റലിയില്‍ ആഴ്ചകള്‍ കൊണ്ട് സംഭവിച്ചിരിക്കുന്നത്. സ്‌പെയിന്‍, യുഎസ്, ഫ്രാന്‍സ്, യുകെ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും റെക്കോര്‍ഡ് മരണമാണ് ഉണ്ടായിരിക്കുന്നത്.

വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ പിടിമുറുക്കുന്നതോടെ അടുത്ത ആഴ്ചകള്‍ ലോകത്തിന് നിര്‍ണായകമാകും. അതിനാല്‍ രാജ്യങ്ങള്‍ നിയന്ത്രണം ശക്തമാക്കുകയും പരിശോധനകള്‍ വ്യാപകമാക്കുകയും ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ ചെയ്തത് കൊണ്ട് മാത്രം വൈറസിനെ പ്രതിരോധിക്കാനാകില്ലെന്നും പരിശോധനകള്‍ വ്യാപമാക്കുകയാണ് വേണ്ടതെന്നും മുമ്പും ഡബ്ല്യുഎച്ച്ഒ പറഞ്ഞിട്ടുണ്ട്. പരിശോധനകള്‍ വ്യാപകമാക്കുമ്പോള്‍ നേരത്തെ രോഗം കണ്ടെത്താനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും. ചെറിയ ലക്ഷണങ്ങളുള്ളവരെ പോലും പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. എന്നാല്‍ പരിശോധനാ സൗകര്യങ്ങള്‍ പല രാജ്യങ്ങളിലും പരിമിതമാണ്. അതിനാല്‍ ഗുരുതരമായ ലക്ഷണങ്ങളുള്ളവരെ മാത്രമാണ് പലപ്പോഴും പരിശോധിക്കുന്നത്. ഇതാണ് മരണനിരക്ക് അതിവേഗം ഉയരാന്‍ കാരണം.

Content Highlight: Corona Death increases day by day