കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് അയക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ബംഗാള്‍ സ്വദേശിയായ അന്‍വറലിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊബൈലിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. നേരത്തെ അറസ്റ്റിലായ മുഹമ്മദ് റിഞ്ചുവിനെതിരേയും സമാന കുറ്റമാണ് ചുമത്തിയിരുന്നത്.
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളെ മറികടന്നായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. സംഭവത്തില്‍ ഗൂഢാലോചന നടത്തിയ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. പായിപ്പാട്ടെ ക്യാമ്പുകളിലെത്തി പോലീസ് കൂടുതല്‍ തെളിവെടുത്തിരുന്നു. കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
അതേസമയം, അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളറിയാന്‍ ഐജി ശ്രീജിത്ത് പായിപ്പാടെത്തി. ക്യാമ്പുകളില്‍ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ലോക്ക്ഡൗണ്‍ തീരുന്നതുവരെ ആരും യാത്രചെയ്യരുതെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഐജി ശ്രീജിത്ത് അറിയിച്ചു.
Content Highlight: One more arrested in Payippadu migrant workers sudden strike