വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ്-19 ബാധിച്ചത് അമേരിക്കയിലാണ്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ കടത്തിവെട്ടിയാണ് അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയത്. ഒന്നരലക്ഷത്തിലേറെ ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ഓരോ ദിവസവും കുതിച്ചുയരുകയാണ്.
യുഎസാണ് കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇപ്പോല്‍ സത്യമായിരിക്കുകയാണ്. പ്രതിരോധ നടപടികള്‍ ശക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്ത് ഏപ്രില്‍ അവസാനം വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അമേരിക്കയില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും അതിവേഗമാണ് കുതിച്ചുയരുന്നത്. ഒരാഴ്ചയ്ക്കിടെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 500-ലേറെ പേര് 24 മണിക്കൂറിനിടെ മരിച്ചതോടെ മരണസംഖ്യ 3167 ആയി. 19000ത്തിലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 164253 ആയി. ഇതില്‍ തന്നെ അരലക്ഷത്തിലേറെ രോഗികള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്.
ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ യുഎസില്‍ പ്രധാന നഗരങ്ങളിലെ ആശുപത്രികളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പുതന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ഇനി ഒരു രോഗിയെ പോലും ഉള്‍ക്കൊള്ളാനാകാത്ത സ്ഥിതിയിലാണ് പല ആശുപത്രികളും. രോഗികളുടെ എണ്ണമാണെങ്കില്‍ ദിവസംതോറും കുതിച്ചുയരുകയാണ്. പതിനായിരത്തിലേറെ ആളുകള്‍ക്കാണ് ഓരോ ദിവസവും പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. പലരുടെയും ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടത് അത്യാവശ്യവുമാണ്. ഈ പ്രതിസന്ധിയില്‍ സഹായവുമായി യുഎസ് നാവികസേനയുടെ ആശുപത്രി കപ്പല്‍ ന്യൂയോര്‍ക്കിലെത്തി. നാവികസേനയുടെ ആശുപത്രി കപ്പലായ യുഎസ്എന്‍എസ് കംഫര്‍ട്ടാണ് കൊറോണ വൈറസ് രോഗികളെ ചികിത്സിക്കനായി എത്തിയത്. ഇതില്‍ 1000 കിടക്കകളാണുള്ളത്.
Content Highlight: Trump says next 30 days are very important to America