ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4000 കടന്നു. രണ്ടുലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 2.4 ലക്ഷത്തോളമാളുകള് മരിച്ചേക്കാമെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നത വൈദ്യശാസ്ത്ര വിദഗ്ധര്‍ വൈറ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിവസേന നൂറുകണക്കിന് വര്‍ധിക്കുന്നതിനിടെ അടുത്ത രണ്ടാഴ്ച വളരെ വേദനാകരമായിരിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
സ്ഥിതിവിവര കണക്കുകള്‍ പ്രദര്‍ശിപ്പിച്ചാണ് വൈറ്റ്ഹൗസ് കര്‍മസേനാ അംഗങ്ങളായ ഡോ. ആന്തണി ഫൗസി, ദിബോറ ബിര്‍ക്സ് എന്നിവര്‍ അമേരിക്കന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജനങ്ങള്‍ സാമൂഹ്യ അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിച്ചില്ലെങ്കില്‍ മരണസംഖ്യ 22 ലക്ഷത്തോളം ആകാമെന്നും അവര്‍ പറഞ്ഞു. ട്രംപ് ഭരണകൂടം തുടക്കത്തില്‍ കോവിഡിനെ നിസ്സാരമായി കണ്ടതാണ് അമേരിക്കയില്‍ സ്ഥിതി വഷളാക്കിയത്.
കോവിഡ് അമേരിക്കയില്‍ എല്ലാവര്‍ഷവുമുണ്ടാകുന്ന പകര്‍ച്ചപ്പനി പോലെയാണെന്ന് മാര്‍ച്ച് ഒമ്പതിന് ട്രംപ് ട്വീറ്റ് ചെയ്തപ്പോള്‍ 546 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 22 പേരാണ് മരിച്ചിരുന്നത്. ഇപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍മാത്രം മരണസംഖ്യ 1000 കടന്നു. ട്രംപ് മുന്നറിയിപ്പുകള്‍ അവഗണിച്ചത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നിലപാട് മാറ്റിയ ട്രംപ് കൊറോണ വൈറസ് സാധാരണ പകര്‍ച്ചപ്പനിയെക്കാള്‍ വളരെ വഷളാണെന്ന് ചൊവ്വാഴ്ച പറഞ്ഞു.
Content Highlight: Death toll in America reaches to 4000