‘തിക്കി തിരക്കേണ്ട’; റേഷന്‍ വിതരണം ഏപ്രില്‍ 30 വരെ നീട്ടുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഏപ്രില്‍ 20നകം റേഷന്‍ വാങ്ങാത്തവര്‍ക്കായി 30 വരെ റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. റേഷന്‍ കടകളില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ കാര്‍ഡ് നമ്പറിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യം ലഭിക്കുമെന്നും റേഷന്‍ കടകളില്‍ തിക്കിത്തിരക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

റേഷന്‍ വിതരണത്തിന്റെ ആദ്യ ദിവസം ഉച്ചവരെ ഏഴര ലക്ഷം പേര്‍ റേഷന്‍കടകളില്‍ നിന്ന് ധാന്യം വാങ്ങി. എ. എ. വൈ കാര്‍ഡ് ഒന്നിന് 30 കിലോഗ്രാ അരിയും അഞ്ച് കിലോഗ്രാം ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. മുന്‍ഗണനാവിഭാഗത്തില്‍ ഒരു അംഗത്തിന് നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി നല്‍കുന്നുണ്ട്. മുന്‍ഗണനേതര വിഭാഗത്തിലെ സബ്സിഡി വിഭാഗത്തിന് ഒരു കുടുംബത്തിന് കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യമായി നല്‍കും. സബ്സിഡിയില്ലാത്ത വിഭാഗത്തില്‍ ഏഴില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് ഒരാള്‍ക്ക് രണ്ടു കിലോഗ്രാം ധാന്യമെന്ന കണക്കില്‍ ലഭിക്കും.

കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം 20 ന് ശേഷം ആരംഭിക്കും. വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ളവര്‍ക്ക് മൂന്നു കിലോഗ്രാം ആട്ടയും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Content highlights: Ration supply extended to April 30