കൊറോണ വൈറസ് വായു വഴിയും പടരുമെന്ന് പഠനങ്ങള്‍; മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക

വാഷിങ്ടണ്‍: കൊറോണ വൈറസ് വായു വഴിയും പടരുമെന്ന പഠനങ്ങളുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്ന ഒരാളുടെ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. അതിനാല്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വരെ മാറ്റം വരുത്തേണ്ടി വരും’, അന്തോണി ഫൗസി പറഞ്ഞു.

രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള അധികൃതരുടെ നിര്‍ദേശങ്ങള്‍. പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വൈറ്റ്ഹൗസിന് ഏപ്രില്‍ ഒന്നിന് അയച്ച കത്തയച്ചിരുന്നു. പഠനം ഇതുവരെ തീര്‍പ്പിലെത്തിയിട്ടില്ല. പക്ഷെ ഇതുവരെയുള്ള പഠനത്തിലെ കണ്ടെത്തല്‍ വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നാണ്.

അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനം പറഞ്ഞിരുന്നത്. ആളുകള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം പടരുകയുള്ളൂ എന്നതിനാല്‍ അതിനനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും ഇതുവരെ സ്വീകരിച്ചിരുന്നത്. അതിനാലാണ് ഏവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനങ്ങളില്‍ പല ഭരണകൂടങ്ങളെയും കൊണ്ടെത്തിച്ചതും. എന്നാല്‍ സൂക്ഷ്മകണങ്ങളായി വൈറസുകള്‍ വായുവിലൂടെ സഞ്ചരിക്കുമെന്ന പഠനം എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന തീരുമാനത്തിലാവും ഭരണകൂടങ്ങളെ കൊണ്ടുചെന്നെത്തിക്കുക.

Content Highlight: Studies probe that Corona Virus may spread through air