ഇന്ന് ഓശാന ഞായര്‍; ദിവ്യബലി അര്‍പ്പണം നിയന്ത്രണത്തോടെ

തിരുവനന്തപുരം: വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് ഇന്ന് പള്ളികളില്‍ ഓശാന ഞായര്‍ ആചരിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഭക്ത ജനങ്ങളെ ഒഴിവാക്കി നിയന്ത്രണങ്ങളോടെയാണ് ദിവ്യബലി അര്‍പ്പണം നടത്തിയത്. അഞ്ച് പേരില്‍ കൂടുതല്‍ പള്ളിയില്‍ ഒരുമിച്ച് കൂടാന്‍ പാടില്ലെന്ന ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം പാലിച്ചാണ് ദിവ്യബലി അര്‍പ്പണം നടത്തിയത്.

ദേവാലയങ്ങളില്‍ കുരുത്തോല ആശീര്‍വാദം നടന്നെങ്കിലും വിതരണം ഉണ്ടായില്ല. വിശുദ്ധ കുര്‍ബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളില്‍ ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ ഇരുന്ന് തത്സമയം കുര്‍ബാനയില്‍ പങ്കെടുക്കാനാണ് രൂപതാ അധ്യക്ഷന്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന ക്രിസ്തുദേവനെ, ഒലിവ് മരച്ചില്ലകള്‍ വഴിയില്‍ വിരിച്ച്, ഓശാന പാടി സ്വീകരിച്ചെന്നാണ് വിശ്വാസം. യേശുക്രിസ്തുവിനെ ഒലിവിന്‍ ചില്ലകളും ജയ്വിളികളുമായി ജറുസലേമിലെ ജനക്കൂട്ടം സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കിയാണ് ക്രൈസ്തവര്‍ ഓശാന ദിനം ആചരിക്കുന്നത്. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്.

അന്ത്യത്താഴ സ്മരണയിലെ പെസഹ വ്യാഴം, കുരിശു മരണ ദിനമായ ദുഃഖവെള്ളി എന്നി ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനമായ ഈസ്റ്ററോടെ വിശുദ്ധ വാരം പൂര്‍ത്തിയാകും.

Content Highlight: Christians celebrates palm Sunday with restrictions amid corona virus scares