അതിര്‍ത്തി തുറക്കില്ല; നിലപാട് ആവര്‍ത്തിച്ച്‌ കര്‍ണാടക

മംഗളൂരു: കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ണാടക. കാസര്‍കോട് കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണ് അതുകൊണ്ട് തന്നെ സ്ഥിതി ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അതിര്‍ത്തി അടച്ചത് കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ ദേവഗൗഡയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ ബുധനാഴ്ച ദക്ഷിണ കന്നഡ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. മലയാളികള്‍ക്ക് ദക്ഷിണ കന്നഡ ജില്ലയിലെ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നലെ കര്‍ണാടക പിന്‍വലിച്ചിരുന്നു. ചികിത്സ വിലക്ക് നീക്കിയെങ്കിലും ഇതിന്റെ ഗുണം മലയാളി രോഗികള്‍ക്ക് ലഭിക്കില്ല. കേരളത്തില്‍ നിന്നുള്ള ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.

ആശുപത്രികളില്‍ വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് ഇറങ്ങിയതിന് പിറകെയാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ വിലക്കികൊണ്ട് മംഗളൂരു കമ്മീഷണര്‍ ഉത്തരവ് ഇറക്കിയത്. പ്രശ്നം പരിഹരിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നിട്ടും ഈ തീരുമാനത്തില്‍ ഇളവ് വരുത്താന്‍ കര്‍ണാടക തയ്യാറായിട്ടില്ല. ചികിത്സാ വിലക്ക് നീക്കിയതോടെ മംഗളൂരുവിലെ ആശുപത്രികളില്‍ നേരത്തെ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യം ഇല്ലാതാകും.

Content Highlight: Karnataka still stand on decision which will not open the border