മദ്യം കിട്ടിയില്ല; തമിഴ്നാട്ടിൽ പെയിൻ്റും വാർണിഷും ചേർത്ത് കുടിച്ച 3 പേർ മരിച്ചു

Unable to get liquor, 3 men die in Tamil Nadu after drinking paint and varnish

ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് പെയിൻ്റും വാർണിഷും ചേർത്ത് കുടിച്ച 3 പേർ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപാട്ടുവിൽ ഞായറാഴ്ചയാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരും സ്ഥിരം മദ്യപിക്കുന്നവരായിരുന്നു. ലോക്ഡൗണ്‍ കാരണം മദ്യം കിട്ടാത്തതിനാൽ പെയിൻ്റും വാർണിഷും കലർത്തി കഴിക്കുകയായിരുന്നു. ആരോഗ്യനില വഷളായ ഇവരെ ചെങ്കൽപാട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

21 ദിവസം രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രാജ്യത്തെവിടെയും മദ്യം ലഭ്യമല്ല. നേരത്തെ മഹാരാഷ്ട്രയിലെ നാഗ്പുരിൽ മദ്യം ലഭിക്കാത്തതിൽ വിഷാദത്തിലായ റിക്ഷാ ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. കേരളത്തിലും മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ ആത്മഹത്യകൾ നടന്നിരുന്നു. തുടർന്ന് ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. മദ്യാസക്തിക്ക് മദ്യം പ്രതിവിധിയല്ലെന്നും ഇത്തരത്തില്‍ മദ്യം കുറിച്ചുനല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണെന്നും ചൂണ്ടിക്കാട്ടി ഉത്തരവ് ഹെെക്കോടതി സ്റ്റേ ചെയ്തു. 

content highlights: Unable to get liquor, 3 men die in Tamil Nadu after drinking paint and varnish