കൊറോണ: ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു എന്‍

ന്യൂയോര്‍ക്ക്: കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു എന്‍. 50 കോടി ജനങ്ങളെയാണ് മഹാമാരി പട്ടിണിയിലേക്ക് തള്ളിവിടുക. 30 വര്‍ഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്ഥയിലേക്കു വീഴുകയെന്നും യു എന്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നു. ലണ്ടനിലെ കിങ്‌സ് കോളേജിലെയും ആസ്‌ട്രേലിയന്‍ നാഷനല്‍ യൂണിവേഴ്‌സിറ്റിയിലെയും വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പഠനം.

നിലവിലെ ആരോഗ്യ പ്രതിസന്ധിയെക്കാള്‍ കടുത്തതാകും സാമ്ബത്തിക മാന്ദ്യം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി പ്രതിനിധികളുടെയും ജി 20 ധനകാര്യ മന്ത്രിമാരുടെയും സമ്മേളനത്തിനു മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
കോവിഡ് മൂലം യു എസിലെ മിയാമിയില്‍ തൊഴില്‍രഹിതരായത് ആയിരങ്ങളാണ്. ബുധനാഴ്ച തൊഴിലില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കാന്‍ എത്തിയത് നൂറുകണക്കിനാളുകളാണ്.

മാര്‍ച്ച് 15നും ഏപ്രില്‍ അഞ്ചിനുമിടയില്‍ ഫ്‌ലോറിഡയില്‍ തൊഴില്‍രഹിതരായ അഞ്ചരലക്ഷം പേരാണ് സഹായത്തിനായി അപേക്ഷ നല്‍കിയത്. കോവിഡ് പടര്‍ന്നുപിടിച്ചതോടെ രണ്ടാഴ്ചക്കിടെ യു എസില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരു കോടി കവിഞ്ഞിരിക്കയാണ്. 660 ലക്ഷം ആളുകളാണ് തൊഴിലില്ലാത്തവരുടെ ആനുകൂല്യത്തിന് അപേക്ഷ നല്‍കിയത്. കാനഡയില്‍ 10 ലക്ഷം ആളുകള്‍ തൊഴില്‍ രഹിതരായി.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ യു.എസിലാണ്. കോവിഡ് ഏറ്റവും മാരകമായി ബാധിച്ച ന്യൂയോര്‍ക്കില്‍ ദുരന്തസൂചകമായി പതാക പകുതി താഴ്ത്തിക്കെട്ടി. അതിനിടെ, കോവിഡ് പരത്തുമെന്ന് പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരെ ഭീകരക്കുറ്റം ചുമത്തി. അതേസമയം, കോവിഡിനെ ചെറുക്കുന്നതില്‍ സര്‍ക്കാറിന് പാളിച്ചപറ്റിയെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറായിട്ടില്ല. ഐസൊലേഷന്‍ നടപടികള്‍ ഫലം കാണുന്നുവെന്ന നിഗമനത്തിലാണ് ഭരണകൂടം.

Content Highlight: UN reports corona virus cause increase in Poverty world wide

LEAVE A REPLY

Please enter your comment!
Please enter your name here