ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ സ്ഥാനമിടിഞ്ഞ് ഇന്ത്യ; പട്ടികയില്‍ ഒന്നാമത് നോര്‍വേ

ലണ്ടന്‍: റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനമിടിഞ്ഞു. 180 രാജ്യങ്ങളുള്ള പട്ടികയില്‍ 142-ാംസ്ഥാനത്താണ് ഇന്ത്യ. നേരത്തേ 140 ആയിരുന്നു. നോര്‍വേ ആണ് പട്ടികയില്‍ ഒന്നാമത്. ഉത്തര കൊറിയ അവസാനവും. യു.എസ് 45-ാംസ്ഥാനത്തും.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ 370-ാം വകുപ്പ് റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോട് അനുബന്ധിച്ചുണ്ടായ പ്രക്ഷോഭങ്ങളും അടിച്ചമര്‍ത്തലുകളും ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളുടെ നിരോധനവുമാണ് ഇന്ത്യയെ രണ്ടു സ്ഥാനം പിന്നോട്ടടിപ്പിച്ചത്. തുറന്ന ജയിലു പോലെ ആയിത്തീര്‍ന്ന കശ്മീരിലെ സംഭവ വികാസങ്ങളുടെ നിജസ്ഥിതി റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും കേന്ദ്രം മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.

കശ്മീരിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ ഉന്നംവെച്ച് പൊലീസ് വീണ്ടും രംഗത്തുവന്ന സാഹചര്യത്തിലാണ് പട്ടിക പുറത്തുവിട്ടത്. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളിയിലാണ്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയോടെ പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അമഴിച്ചുവിടുകയാണ്.

2019ല്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായതെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Content Highlight: India Ranks 142 on Global Press Freedom Index