വാഷിംങ്ടണ്‍: കൊവിഡ് 19ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍. യുഎസ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസി) പുതിയ ലക്ഷണങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്ന ഏജന്‍സിയാണിത്.
‘ചെറിയ ലക്ഷണങ്ങള്‍ മുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ വരെ കൊവിഡ് 19 രോഗികളില്‍ കാണാറുണ്ട്. വൈറസ് ശരീരത്തിലെത്തി 2 മുതല്‍ 14 ദിവസത്തിനിടയിലാണ് രോഗലക്ഷണങ്ങള്‍ പുറത്ത് വരിക,’ സിഡിസിയുടെ വെബ്സൈറ്റില്‍ പറയുന്നു. പുതിയ 5 ലക്ഷണങ്ങളാണ് ഇപ്പോള്‍ ഈ ഏജന്‍സി പുറത്ത് വിട്ടിരിക്കുന്നത്.
ശരീരത്തിന് കുളിര് അനുഭവപ്പെടുക, ഇടയ്ക്കിടെ കുളിരും വിറയലും വരിക, പേശികളില്‍ വേദന, തലവേദന, രുചിയും മണവും നഷ്ടമാവുക എന്നിവയാണ് പുതിയ ലക്ഷണങ്ങളായി ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ ഈ ലക്ഷണങ്ങള്‍ ഇത് വരെ കൂട്ടിച്ചേര്‍ത്തിട്ടില്ല.
പനി, വരണ്ട ചുമ, ക്ഷീണം, ശരീരവേദന, മൂക്കടപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് ലോകാരോഗ്യ സംഘടന ഇത് വരെ പറഞ്ഞിട്ടുള്ള രോഗ ലക്ഷണങ്ങള്‍. പനി, ചുമ, ശ്വാസം എടുക്കാനുള്ള പ്രയാസം, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ ലോകാരോഗ്യ സംഘടനയും സിഡിസിയും ഒരു പോലെ പറയുന്നവയാണ്.
Content Highlight: New symptoms found for Corona Virus