അഭ്യൂഹങ്ങള്‍ക്ക് വിട; കിം ജോംഗ് ഉന്‍ പൊതുവേദിയില്‍ എത്തിയതായി റിപ്പോര്‍ട്ട്

സിയോള്‍: മസ്തിഷ്‌ക മരണം സംഭവിച്ചു എന്നതുള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കവേ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ പൊതുവേദിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. പ്യോംഗ്യാങ്ങിലെ വളം നിര്‍മാണ ഫാക്ടറി ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹമെത്തി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഴ്ചകള്‍ക്ക് ശേഷമാണ് കിം ഒരു പൊതുപരിപാടിയല്‍ പ്രത്യക്ഷപ്പെടുന്നത്. സഹോദരി കിം യോ ജോംഗിനും ഉപദേശകര്‍ക്കുമൊപ്പമാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും, വളം നിര്‍മാണ ഫാക്ടറി നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന കിമ്മിന്റെ ചിത്രം വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

കിം ജോങ് ഉന്‍ ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് അതീവ ഗുരുതരവസ്ഥയിലാണെന്നും, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും, ഉത്തരകൊറിയന്‍ ഏകാധിപതിയായി അധികാരമേല്‍ക്കാന്‍ ഇളയ സഹോദരി കിം യോ ജോംഗ് തയ്യാറാണെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ 11 ന് ശേഷം കിമ്മിനെ പൊതുവേദികളില്‍ കണ്ടിട്ടില്ല. ഏപ്രില്‍ 15 ന് ഉത്തര കൊറിയയുടെ സ്ഥാപക പിതാവും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇല്‍ സൂംഗിന്റെ ജന്മവാര്‍ഷിക ദിനാഘോഷങ്ങളില്‍ നിന്ന് ആദ്യമായി കിം വിട്ടുനിന്നു. ഇതോടെയാണ് കിം രോഗക്കിടക്കയിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

Content Highlight: Reports on Kim Jong Un made public appearance after weeks of guesses