രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക്; ‘വൈറസിനൊപ്പം ജീവിക്കുക’ സങ്കീര്‍ണമായ ദൗത്യം

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ കേസുകള്‍ നാല്‍പതിനായിരം കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം വളരെയധികം കൂടി. ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യ ഇന്നു മുതല്‍ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ മാസം 17 വരെയാണ് ലോക്ഡൗണ്‍ നീളുക. രോഗബാധയുള്ള മേഖലകള്‍ അടച്ചിടുകയും മറ്റിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് നിയന്ത്രണങ്ങളില്‍ പലതും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഗബാധ കൂടുതല്‍ ഉള്ള മേഖലകളിലേക്ക് കൂടുതല്‍ കേന്ദ്രസംഘങ്ങള്‍ ഇന്ന് എത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം നിരീക്ഷണത്തിന് എത്തുക. രാജ്യത്ത് വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്കും ഇന്ന് തുടക്കമാകും. ലോക്ഡൗണിന് മുമ്ബ് കുടുങ്ങിപ്പോയവരെ മാത്രമാണ് തിരികെ എത്തിക്കേണ്ടത് എന്ന് കേന്ദ്രം ഇന്നലെ വിശദീകരിച്ചിരുന്നു.

പല അര്‍ത്ഥത്തില്‍ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നിര്‍ണായകമാണ്. ഇളവുകളോടൊപ്പം രാജ്യം എങ്ങനെ കൊറോണയെ നിയന്ത്രിക്കും എന്നത് നിര്‍ണായകമാണ്. നിലവില്‍ കര്‍ശനമായ ലോക്ക്ഡൗണിന്റെ അടിസ്ഥാനത്തിലാണ് രാജ്യം കൊറോണയെ നേരിട്ടത്. എന്നാല്‍ ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നിലപാടോടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രോഗവ്യാപനം എങ്ങനെ സംഭവിക്കുന്നു എന്നത് രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കും.റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളിലായാണ് രാജ്യത്തെ വേര്‍തിരിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഘട്ടമായി ഇളവു നല്‍കുന്ന രീതിയിലാണ് മേഖലകളെ തിരിച്ചിരിക്കുന്നത്.

രാജ്യത്തെ മൂന്നില്‍ രണ്ട് ജനസംഖ്യയും നിലവില്‍ ഓറഞ്ച്, ഗ്രീന്‍ സോണുകളിലാണ് എന്നതാണ്. ഇവിടെയെല്ലാം താരതമ്യേന ഇളവുകള്‍ നല്‍കുമ്പോള്‍ രോഗവ്യാപനം കുറച്ചു കൊണ്ടുവരിക കൂടി ചെയ്യുകയെന്ന സങ്കീര്‍ണമായ ദൗത്യമാണ് രാജ്യത്തെ ഭരണ സംവിധാനത്തിനും ജനങ്ങള്‍ക്കും മുന്നിലുള്ളത്. അതേസമയം, രാജ്യത്തെ തൊഴില്‍ മേഖലകളില്‍ പ്രധാനപ്പെട്ടതെല്ലാം സ്ഥിതി ചെയ്യുന്ന മെട്രോ നഗരങ്ങളില്‍ ഇപ്പോഴും റെഡ് സോണുകളിലാണ്.

Content Highlight: India is up to its Third Schedule of lock down enlarges ‘Living with the Virus’