കൊവിഡ് 19നെ ചെറുക്കാൻ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മരുന്നു പരീക്ഷണ പദ്ധതിയില്‍ പങ്കാളിയാവാൻ ഇന്ത്യയും ഒരുങ്ങുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന് അറിയിച്ചു. കൊവിഡ് മരുന്ന് പരീക്ഷണത്തിൻ്റെ ഭാഗമായി റെംഡെസിവിര്‍ എന്ന മരുന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളില്‍ പരീക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി റെംഡെസിവിറിൻ്റെ ആയിരം ഡോസ് ലഭ്യമായിട്ടുണ്ടെന്നും ഇത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള കൊവിഡ് 19 രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റെംഡെസിവിര്‍ അടക്കം നാലു മരുന്നുകളാണ് പരീക്ഷിക്കുന്നത്. ഈ മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് ഐസിഎംആര്‍, സിഎസ്ഐആര്‍ എന്നിവയിലെ ശാസ്ത്രജ്ഞർ പഠനം നടത്തിവരികയാണ്. ഇതു സംബന്ധിച്ച് സര്‍ക്കാരിൻ്റെ ഉന്നത തലങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്. കൊവിഡ് 19 രോഗികളില്‍ അത്യാവശ്യ ഘട്ടങ്ങളിൽ അമേരിക്കയില്‍ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. 1,063 ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ 31 ശതമാനം വേഗത്തിലുള്ള രോഗമുക്തി നല്കാന് റെംഡെസിവിറിന് സാധിച്ചതായാണ് ഗവേഷകര്‍ പറയുന്നത്. നൂറിലധികം രാജ്യങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.
content highlights: Part of WHO’s Solidarity Trial, India Will Test 1,000 Doses of Remdesivir on Patients says Harsh Vardhan