കൊറോണ വൈറസിന് ആയുര്‍വേദ ചികിത്സ; ഒരാഴ്ചയ്ക്കുള്ളില്‍ നാല് ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ ആയുര്‍വേദ മരുന്ന് പരീക്ഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് ചികിത്സയ്ക്കായി ഒരാഴ്ചക്കകം നാല് പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്കാണ് അറിയിച്ചത്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ എന്നിവയാണ് പരമ്പരാഗത ചികിത്സാ രീതികളില്‍ ഉള്‍പ്പെടുന്നത്.

കൊറോണ വൈറസിനെതിരെ ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുന്നതിനായി ആയുഷ് മന്ത്രാലയവും കൌണ്‍സില്‍ ഓഫ് സയിന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിതര്‍ക്ക് ആഡ് ഓണ്‍ തെറാപ്പിയും സ്റ്റാന്‍ഡേര്‍ഡ് കെയറുമായി ഇവ പരീക്ഷിക്കുന്നതിനാണ് നീക്കം. നമ്മുടെ പരമ്പരാഗത ചികിത്സാ രീതിയ്ക്ക് കൊറോണ വൈറസ് എന്ന പകര്‍ച്ചാവ്യാധിയെ മറികടക്കാനുള്ള വഴികാണിക്കുമെന്ന് ഉറപ്പുള്ളതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

നിലവില്‍ കൊറോണ വൈറസ് ചികിത്സയ്ക്ക് ഒരു തരത്തിലുള്ള മരുന്നും ലോകത്ത് കണ്ടെത്തിയിട്ടില്ല. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി കൊറോണ വൈറസിനെതിരായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങളും നടന്നുവരികയാണ്. കൊറോണ ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് രോഗ ബാധിതരില്‍ കുത്തിവെക്കുന്ന പ്ലാസ്മ തെറാപ്പിയും പരീക്ഷിച്ചുവരുന്നുണ്ട്. രോഗം ബാധിച്ച് ഭേദമായവരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി ഗുരുതരാവസ്ഥയിലുള്ളവരുടെ ശാരീരിക സ്ഥിതിയില്‍ മാറ്റത്തിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്. എന്നാല്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാണോ എന്നത് പൂര്‍ണ്ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Content Highlight: India to test 4 Ayurveda drugs for defend Corona Virus

LEAVE A REPLY

Please enter your comment!
Please enter your name here