കൊവിഡ് പ്രതിസന്ധിമൂലം നടക്കാതെ പോയ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രത്യേക മാര്‍ഗ്ഗനിർദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പൊതുഗതാഗതത്തിന് പരിമിതികളുള്ളതിനാൽ സ്കൂൾബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും അനുവദിക്കും. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോബൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്കൂളിലേക്കുപോകാന്‍ അനുവദിക്കില്ല.
പരീക്ഷാസമയം തീരുന്നതുവരെ അവര്‍ കാത്തുനില്‍ക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോൾ വീണ്ടും വന്നാൽ മതിയാവും. കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കണം. ഉത്തരക്കടലാസുകൾ അധ്യാപകർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളിലേക്കാണ് ഇടേണ്ടത്. ഇത് ഏഴുദിവസം സ്കൂളിൽ സൂക്ഷിച്ചശേഷം അയച്ചാൽ മതി എന്നാണ് നിർദ്ദേശം. പരീക്ഷ കഴിയുമ്പോള്‍ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരേസമയം പുറത്തിറക്കരുത്. സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ പുറത്തേയ്ക്ക് വിടേണ്ടതെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
content highlights: Kerala SSLC, Plus Two Exam, guidelines